സോളിഡാരിറ്റി യൂത്ത് സ്പ്രിങ് പുറത്തിറക്കിയ 'വിധി കാത്തുനിൽക്കുന്നവർ' ഡോക്യുമെന്ററിയുടെ പ്രിവ്യൂ ഷോക്ക് ശേഷം പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ആർ.പി. അമുദൻ സംസാരിക്കുന്നു
കോഴിക്കോട്: 17 വർഷമായി വിചാരണത്തടവുകാരനായി ജയിലിൽ തുടരുന്ന പരപ്പനങ്ങാടി സ്വദേശി സകരിയയുടെ ജീവിതവും അദ്ദേഹത്തിന്റെ മോചനത്തിനായി ഉയർന്ന നീതിയുടെ ശബ്ദങ്ങളും ചേർത്ത് സോളിഡാരിറ്റി യൂത്ത് സ്പ്രിങ് പുറത്തിറക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’ (പീപ്പിൾ ഓൺ ട്രയൽ) ഡോക്യുമെന്ററി പ്രിവ്യൂ ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച കോറണേഷൻ തിയറ്ററിൽ നടന്ന പ്രദർശനത്തിൽ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സകരിയയുടെ മോചനത്തിനായുള്ള നിയമ പോരാട്ടത്തിന്റെയും ജനകീയ ഐക്യദാർഢ്യത്തിന്റെയും ചരിത്രം പുനരാവിഷ്കരിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യരേഖയാണ് ഡോക്യുമെന്ററി. സാദിഖ് ഉളിയിൽ ജയിലിൽ സക്കരിയയെ കാണാനുള്ള യാത്രയിൽ നടത്തുന്ന വിവരണത്തോടെയാണ് 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ആരംഭിക്കുന്നത്. വിചാരണ നീളുമ്പോൾ സക്കരിയയും മാതാവ് ബീയുമ്മയും കുടുംബവും അനുഭവിക്കുന്ന നിശ്ശബ്ദ വേദനയുടെ ആഴം ചിത്രം അടയാളപ്പെടുത്തുന്നു. ഷഹീൻ അബ്ദുല്ലയും ഇർഫാൻ ഹാദിയും ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രിവ്യൂ ഷോക്ക് ശേഷം നടന്ന ചർച്ചയിൽ തമിഴ് ഡോക്യുമെന്ററി സംവിധായകൻ ആർ.പി. അമുദൻ സംസാരിച്ചു. രാജ്യം മുഴുവൻ ഈ കേസിനെതിരെ കാമ്പയിൻ നടത്തിയപ്പോൾ കൗണ്ടർ കാമ്പയിൻ നടത്തിയെന്നത് പ്രാധാന്യമർഹിക്കുന്നുവെന്നും ഇത് തുടരുന്ന രാഷ്ട്രീയ പോരാട്ടമാണെന്നും അമുദൻ പറഞ്ഞു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്, സംവിധായകൻ സക്കരിയ, ഡോക്യുമെന്ററി സംവിധാനം ചെയ്ത ഷഹീൻ അബ്ദുല്ല, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് എന്നിവർ സംസാരിച്ചു. ഫ്രീ സക്കരിയ ആക്ഷൻ ഫോറം ചെയർപേഴ്സൺ ഷിഫ അഷ്റഫ്, കൺവീനർ ഷമീർ കോണിയത്ത്, റാസിക്ക് റഹീം, എന്നിവർ അഭിപ്രായം രേഖപ്പെടുത്തി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഉപഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.