കോഴിക്കോട്: സമരത്തിനിറങ്ങുന്ന സ്ത്രീകൾക്ക് ബലാത്സംഗം ഇഷ്ടമാണെന്നും കൂട്ടബലാത്സംഗം ചെയ്യുമെന്നും പറഞ്ഞ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരെ സാമൂഹിക പ്രവർത്തക കെ. അജിത. സമൂഹം എങ്ങനെയാണ് ഇയാളെ വെച്ചു പൊറുപ്പിക്കുന്നതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അവർ ചോദിച്ചു.
‘ആരിങ്ങനെ പറഞ്ഞാലും ഞങ്ങൾ എതിർക്കും. കേരളത്തിലെ സ്ത്രീകൾ മാത്രമല്ല, ജനാധിപത്യ ബോധമുള്ള എല്ലാവരും ഇത് എതിർക്കും എന്നത് ഉറപ്പാണ്. ഇത് അങ്ങേറ്റം ഫാഷിസ്റ്റ് പ്രസ്താവനയാണ്. സ്ത്രീകൾക്ക് ബലാത്സംഗം ഇഷ്ടമാണെന്നാണ് ഇയാൾ പറയുന്നത്. കൂട്ടബലാൽസംഗം വരെ നടത്തുമെന്നും പറയുന്നു. അയാളുടെ കൈയ്യിൽ ആയിരുന്നു ഭരണമെങ്കിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും വെടിവെക്കുമെന്നും ബലാൽസംഗം നടത്തുമെന്നും ശവങ്ങൾ കിട്ടിയാൽ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നും അയാൾ പറയുന്നു. ഈ മനുഷ്യൻ ഒരുകാലത്തും ഭരണത്തിൽ കയറാതിരിക്കട്ടെ. ഈ സമൂഹം എങ്ങനെ ഇയാളെ വെച്ചു പൊറുപ്പിക്കുന്നു എന്നാണ് എന്റെ ചോദ്യം.
ഇതൊരു ജനാധിപത്യ രാജ്യമാണെന്നുള്ള യാതൊരു സങ്കൽപവും ഇല്ലാതെയാണ് അയാൾ സംസാരിക്കുന്നത്. അയാളുടെ യൂട്യൂബ് ചാനലിനെ ഒരുപക്ഷേ നിരോധിക്കേണ്ടി വരും. അത്ര വൃത്തികെട്ട രീതിയിൽ വർഗീയതയും ഇന്ത്യൻ ജനതയെ കുറിച്ചുള്ള അഭിപ്രായങ്ങളും പറയുന്ന മനുഷ്യനാണ്. അതും ഇത്രയും അധികം രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധവും മതേതരത്വവും ഉൾക്കൊള്ളുന്ന കേരളീയ സമൂഹത്തിൽ ഇങ്ങനെ പറയാൻ ഒരാൾക്ക് കഴിയുന്നെങ്കിൽ നമ്മളൊക്കെ എന്തിന് ജീവിച്ചിരിക്കണം എന്ന് പോലും തോന്നുന്നു. അത്രക്ക് ഭീകരമായ ഒരു പ്രസ്താവനയാണത്.
അതിനെതിരെ ശക്തമായ നിയമ നടപടികൾ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുക്കണം. ‘അന്വേഷി’ക്ക് വേണ്ടി മാത്രമല്ല കേരളത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടി തന്നെയാണ് ഞാൻ പറയുന്നത്. ഇയാൾക്കെതിരെ നിയമനടപടി എടുത്തില്ലെങ്കിൽ തീർച്ചയായും സമര മാർഗത്തേക്ക് ഞങ്ങൾ സ്ത്രീകൾ മാത്രമല്ല കേരളത്തിലെ ജനാധിപത്യവാദികളും ഇറങ്ങേണ്ടിവരും. ഒരു പാഠം പഠിപ്പിക്കാൻ സർക്കാർ തയ്യാറാവണം. പല മേഖലയിലും സമരം ചെയ്ത് അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമങ്ങൾ നടത്തുന്ന നാടാണ് നമ്മുടേത്. സമരം ചെയ്യുന്നവർ വെറും ബലാൽസംഗങ്ങൾ ഇഷ്ടപ്പെടുന്ന സ്ത്രീകളാണെന്ന് ഒരു മനുഷ്യൻ വളരെ ലാഘവത്തോടുകൂടി പറയുക, എന്നിട്ട് അത് യൂട്യൂബ് ചാനലിൽ ഇടുക എന്നൊക്കെ പറയുമ്പോൾ ഏത് ലോകത്താണ് ജീവിക്കുന്നത് എന്നാണ് ചോദിക്കേണ്ടി വരുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. ഡിജിപിക്കും ഇന്ന് പരാതി കൈമാറും’ -അജിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.