ചുള്ളിയാട് മുക്ക് പ്രദേശത്ത് കാട്ടുപന്നി നശിപ്പിച്ച കൃഷിയിടങ്ങൾ ഡിവിഷൻ കൗൺസിലർ പി. പി. ഫൈസൽ സന്ദർശിക്കുന്നു
കൊടുവള്ളി: നഗരസഭയിലെ കരുവൻപൊയിൽ ചുള്ളിയാട് മുക്ക്, പേരൂർ -പൈങ്ങാട്ട് മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ വിവിധ കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വിതച്ചതായി നാട്ടുകാർ അറിയിച്ചു. പേരൂർ വേണുഗോപാൽ നായർ, ശ്രീ ആനന്ദ്, പൈങ്ങാട്ട് അശോകൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
വാഴ, കപ്പ, ചേന, മറ്റ് കാർഷികവിളകൾ എന്നിവ ചവിട്ടിമെതിക്കുകയും നശിപ്പിക്കുകയും ചെയ്തതോടെ കർഷകർ വലിയ സാമ്പത്തിക നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഏറെ പ്രയത്നത്തോടെയും ചെലവിട്ടും കൃഷി ചെയ്ത വിളകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നശിപ്പിക്കുന്ന സാഹചര്യം പ്രദേശത്തെ കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കാട്ടുപന്നികൾക്ക് പുറമെ മുള്ളൻപന്നികളുടെ ശല്യവും ഈ മേഖലയിൽ വർധിച്ചുവരുന്നതായി പറയുന്നു. കൃഷിനാശം തുടർച്ചയായതോടെ കർഷകരുടെ ഉപജീവനമാർഗം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.
വന്യജീവി ശല്യം തടയുന്നതിനായി സ്ഥിരമായ പ്രതിരോധ സംവിധാനങ്ങളും നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. സംഭവസ്ഥലം ഡിവിഷൻ കൗൺസിലർ പി.പി. ഫൈസൽ സന്ദർശിച്ച് നാശനഷ്ടങ്ങൾ നേരിൽ വിലയിരുത്തി. കർഷകരുടെ ആശങ്കകൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.