തസ്തികകൾ സൃഷ്ടിക്കാതെ സർക്കാർ മെഡിക്കൽ കോളജുകൾ; ദൈനംദിന പ്രവൃത്തികൾ നടക്കുന്നത് സ്റ്റാഫ് ഷണ്ടിങ്ങിലൂടെ

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജുകളിൽ ആനുപാതിക തസ്തികകൾ സൃഷ്ടിക്കാത്തതുമൂലം ദൈനംദിന പ്രാർത്തനങ്ങൾ അവതാളത്തിൽ. സർക്കാർ മെഡിക്കൽ കോളജുകളിൽ മിക്കയിടത്തും തസ്തികകൾ സൃഷ്ടിടിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുമ്പോഴും അറേഞ്ച്മെന്റുകളിലൂടെ ദിവസങ്ങൾ കടന്നുപോകുകയാണ്. മെഡിക്കൽ കോളജുകളുടെ അംഗീകാരത്തിനുശേഷം തുടർ പരിശോധനക്കെത്തുന്ന ദേശീയ മെഡിക്കൽ കൗൺസിൽ പോലുള്ള അക്രഡിറ്റ് ഏജൻസികളുടെ കണ്ണിൽപൊടിയിട്ടാണ് പല മെഡിക്കൽ കോളജുകളുടെയും പ്രവർത്തനം. നിയമാനുസൃതം ആവശ്യമുള്ള ജീവനക്കാരെ മറ്റ് പ്രധാന മെഡിക്കൽ കോളജുകളിൽ നിന്നും വർക്കിങ് അറേഞ്ച്മെന്‍റിലൂടെ സ്റ്റാഫ് ഷണ്ടിങ് നടത്തി അംഗീകാരം നിലനിർത്തുന്നു.

സർക്കാർ മേഖലയിൽ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം വർധിക്കുന്നുണ്ടെന്നതല്ലാതെ മെച്ചപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കാതെയാണ് പല സ്ഥാപനങ്ങളുടെയും നടത്തിപ്പ്. മെഡിക്കൽ കോളജുകളിലേക്ക് ആവശ്യമുള്ള ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്ക് പുറമേ റേഡിയോഗ്രാഫർമാർ, ലബോറട്ടറി ടെക്നിഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിൽ പെട്ടവരേയും മറ്റ് പ്രധാന മെഡിക്കൽ കോളജുകളിൽ നിന്നും നിശ്ചിത കാലയളവുകളിലേക്ക് വർക്കിങ് അറേഞ്ച്മെന്‍റിലൂടെ എത്തിക്കുകയാണ് നിലവിൽ ചെയ്തുവരുന്നത്.

ഒരു ബാച്ച് ഉദ്യോഗസ്ഥർ നിശ്ചിത കാലാവധി പൂർത്തിയാക്കുമ്പോൾ അടുത്ത ബാച്ച് ഉദ്യോഗസ്ഥരെ എത്തിക്കുകയും മുൻ ബാച്ചിനെ തിരിച്ചയക്കുകയും ചെയ്യുന്നു. നിശ്ചിത കാലയളവുകളിൽ ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. സ്റ്റാഫ് ഷണ്ടിങ്ങിലൂടെയാണ് പുതിയ സർക്കാർ മെഡിക്കൽ കോളജുകളിൽ ആവശ്യമായ ജീവനക്കാരുടെ എണ്ണം നിലനിർത്തി പോകുന്നത്. ആവശ്യത്തിനുള്ള സ്ഥിര തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇവർക്ക് ഡിപ്പാർട്ടുമെന്‍റുകളിലും സ്ഥിരം സ്റ്റാഫുകൾ ഇല്ല.

ആവശ്യമായ പല ഡിപ്പാർട്ടുമെന്‍റുകൾപോലും പല മെഡിക്കൽ കോളജുകളിൽ തുടങ്ങിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. പ്രധാന മെഡിക്കൽ കോളജുകളിൽ നിന്നും ടെക്നിക്കൽ സ്റ്റാഫുകളടക്കമുള്ളവരെ സ്റ്റാഫ് ഷണ്ടിംഗിലൂടെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് എത്തിക്കുന്നു. പരിചയസമ്പന്നരായ ജീവനക്കാർ പല മെഡിക്കൽ കോളജുകളിലുമില്ല. ട്രൈനികൾ, കുറഞ്ഞ ദിവസ വേതനത്തിൽ ജോലി ചെയ്യാൻ തയാറുള്ളവർ എന്നിവരെ തട്ടിക്കൂട്ടി ഡ്യൂട്ടി ചാർട്ടുകൾ തികക്കുന്നു. ഇങ്ങനെ വരുന്നവരിൽ പലർക്കും ആധുനിക ഉപകരണങ്ങൾ കൈകാര്യം ചെയ്യാനാറിയാത്ത അവസ്ഥയാണ്.

Tags:    
News Summary - തസ്തികകൾ സൃഷ്ടിക്കാതെ സർക്കാർ മെഡിക്കൽ കോളജുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.