കണ്ണൂരിന്​ എം.പിമാർ ഒമ്പത്​; കേരളത്തിൽ നമ്പർ വൺ

കണ്ണൂർ: പാർലമെന്‍റ്​ അംഗങ്ങളുടെ എണ്ണത്തിൽ കേരളത്തിൽ നമ്പർ വൺ ജില്ലയെന്ന ബഹുമതി കണ്ണൂരിന്​ സ്വന്തം. ഒന്നും രണ്ടുമല്ല; എട്ട്​​ എം.പിമാരാണ്​ കണ്ണൂരിന് സ്വന്തമായുള്ളത്​. സി.പി.ഐക്ക്​ ലഭിച്ച സീറ്റിൽ അഡ്വ. പി. സന്തോഷ്​ കുമാർ കൂടി രാജ്യസഭയിൽ എത്തുന്നതോടെ അത്​ ഒമ്പതായി ഉയരും. രാജ്യസഭയിൽ കണ്ണൂരുകാരു​ടെ എണ്ണം നിലവിൽ നാലാണ്​. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ​എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജോൺ ​ബ്രിട്ടാസ്​, ഡോ. വി. ശിവദാസൻ എന്നിവരാണ് കണ്ണൂരിൽനിന്നുള്ളത്​. ഇവരുടെ കൂട്ടത്തിലേക്കാണ്​ സി.പി.ഐ കണ്ണൂർ ജില്ല ​സെക്രട്ടറി കൂടിയായ പി. സന്തോഷ്​ കുമാറും ചേരുന്നത്​. ബ്രിട്ടാസും ശിവദാസനും സി.പി.എം ടിക്കറ്റിലാണ്​ എത്തിയതെങ്കിൽ വേണുഗോപാൽ കോൺഗ്രസി‍ൻെറയും വി. മുരളീധരൻ ബി.ജെ.പിയുടെയും പ്രതിനിധിയാണ്​.​ ​ വേണുഗോപാലും വി. മുരളീധരനും കേരളത്തിന്​ പുറത്തുനിന്നാണ്​ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​ എന്ന പ്രത്യേകത കൂടിയുണ്ട്​. രാഹുൽ ഗാന്ധിയുടെ വലംകൈയായ ​വേണുഗോപാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ്​ സീറ്റായ ആലപ്പുഴയിൽ മത്സരിക്കാതെ മാറിനിൽക്കുകയായിരുന്നു. പിന്നീട്​ പാർട്ടി ഹൈകമാൻഡി‍ൻെറ ​പ്ര​ത്യേക താൽപര്യപ്രകാരം രാജസ്ഥാനിൽനിന്നാണ്​ രാജ്യസഭയിൽ എത്തിയത്​. കേരളത്തിൽ പ്രതിനിധിയില്ലാത്ത കുറവ്​ പരിഹരിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തി‍ൻെറ തീരുമാനപ്രകാരമാണ്​ വി. മുരളീധരൻ മഹാരാഷ്ട്ര വഴി രാജ്യസഭയിലെത്തി മന്ത്രിയായത്​. കണ്ണൂർ മണ്ഡലത്തി‍ൻെറ ലോക്സഭയിലെ പ്രതിനിധി കെ.പി.സി.സി പ്രസിഡന്‍റ്​ കൂടിയായ കെ. സുധാകരനാണ്​. സുധാകരനു​ പുറമെ, കണ്ണൂരുമായി ബന്ധ​പ്പെട്ട മൂന്നു പേർ കൂടിയുണ്ട്​ ലോക്സഭയിൽ. കോഴിക്കോട്​ എം.പി എം.കെ. രാഘവൻ കണ്ണൂരുകാരനാണ്​. വടകര ലോക്സഭ മണ്ഡലത്തി‍ൻെറ ഭാഗമായ തലശ്ശേരിയും കാസർകോട്​ ലോക്സഭ മണ്ഡലത്തിൽ പെടുന്ന പയ്യന്നൂരും കണ്ണൂർ ജില്ലയുടെ ഭാഗമാണ്​. ആ നിലക്ക്​ നോക്കിയാൽ വടകര എം.പി കെ. മുരളീധരനും കാസർകോട്​ എം.പി രാജ്​മോഹൻ ഉണ്ണിത്താനും കണ്ണൂരി‍ൻെറ കൂടി പ്രതിനിധികളാണ്​. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല കൂടിയായ കണ്ണൂർ എം.പിമാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുമ്പോൾ വികസന വഴിയിൽ വലിയ കുതിപ്പാണ്​ ജില്ല പ്രതീക്ഷിക്കുന്നത്​. കണ്ണൂർ വിമാനത്താവളത്തിൽ വിദേശവിമാനങ്ങൾക്ക്​ അനുമതി, അഴീക്കൽ തുറമുഖം ഉൾപ്പെടെ വലിയ സ്വപ്നങ്ങൾ ഇപ്പോഴും ബാക്കിയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.