'ഒന്ന്​' നിർത്താമോ

കോഴി​ക്കോട്​: ദിവസവും പതിനായിരക്കണക്കിന്​ ആളുകളെത്തുന്ന നഗരത്തിൽ പൊതുവഴികൾ മൂത്രപ്പുരകളാകുന്നതോടെ സമീപവാസികൾക്ക്​ ദുരിതം. ആവശ്യത്തിന്​ മൂത്രപ്പുരകളില്ലാത്തതിനാൽ പുരുഷന്മാർ ഇടറോഡുകളും വഴിയരികുകളും ആശ്രയിക്കുകയാണ്​. സ്ത്രീകൾക്ക്​ മൂത്രമൊഴിക്കണമെങ്കിൽ വൃത്തികേടായ ചുരുക്കം ചില പൊതുശൗചാലയങ്ങളിൽ അഭയം തേടണം. ഈ ശൗചാലയങ്ങളുടെ അവസ്ഥ തികച്ചും ശോചനീയവുമാണ്​. ഇ-ടോയ്​ലെറ്റുകളടക്കം കോടിക്കണക്കിന്​ രൂപ നഷ്​ടമുണ്ടാക്കി പ്രദർശന വസ്തുവായതോടെയാണ്​ 'ഒന്നിന്​' പോകാൻ ജനങ്ങൾ പൊതുസ്ഥലങ്ങളിലെത്തുന്നത്​. ലളിതകല അക്കാദമി ആർട്ട്​ ഗ്യാലറിക്ക്​ സമീപവും ബീച്ചിലും സരോവരം പാർക്ക്​ പരിസരത്തും കോർപറേഷൻ സ്​റ്റേഡിയത്തിന്​ ചുറ്റുമുള്ള ഇടറോഡുകളിലും മാവൂർ റോഡിൽ നിന്ന്​ വയനാട്​ റോഡിലേക്കുള്ള എളുപ്പവഴിയായ യു.കെ. ശങ്കുണ്ണി റോഡിലുമുൾപ്പെടെ മൂത്രമൊഴിക്കൽ കേന്ദ്രമായിട്ടുണ്ട്​. യു.കെ. ശങ്കുണ്ണി റോഡ്​ തുടങ്ങുന്ന ഭാഗത്ത്​ അസഹ്യ ദുർഗന്ധം സഹിച്ചാണ്​ യാത്രക്കാർ കടന്നുപോകുന്നത്​. സമീപത്തെ ആരാധനാലയത്തിലേക്കും വിദ്യാഭ്യാസ സ്​ഥാപനത്തിലേക്കുമുൾപ്പെടെ സഞ്ചരിക്കുന്നവർക്ക്​ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ്​ പുരുഷന്മാർ ഈ പ്രദേശം മൂത്രമൊഴിച്ച്​ വൃത്തികേടാക്കുന്നത്​. കെ.എസ്​.ആർ.ടി.സി ടെർമിനലിലേക്കും മൊഫ്യൂസൽ ബസ്​സ്റ്റാൻഡിലേക്കും പോകുന്നവരാണ്​ ഇട​റോഡിലേക്ക്​ കയറി കാര്യം സാധിക്കുന്നത്​. തെരുവു​വിളക്ക് തെളിയാത്തതിനാൽ രാത്രി ഇവിടെ ഇരുട്ടാണ്​. ശുചിത്വ നഗരമെന്ന പദവി സർക്കാറിൽ നിന്ന്​ മുമ്പ്​ ​നേടിയ കോഴിക്കോട്​ ശുചിത്വപ്രോട്ടോകോൾ നടപ്പാക്കുമെന്ന്​ കോർപറേഷൻ അധികൃതർ വമ്പൻ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, പ്രവർത്തനങ്ങ​ളെല്ലാം ഇഴയുകയാണ്​. കഴിഞ്ഞ ഒക്​ടോബറിൽ കർമപദ്ധതികൾ തയാറാക്കിയിരുന്നു. ഇ-ടോയ്​ലെറ്റടക്കം നിലവിലെ ടോയ്​ലെറ്റുകളെല്ലാം രണ്ട്​ മാസത്തിനകം പ്രവർത്തിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇ-ടോയ്​ലെറ്റുകൾ ഇതുവരെ നന്നാക്കിയിട്ടില്ല. അറ്റകുറ്റപ്പണി നടത്താൻ ലക്ഷങ്ങൾ വേണ്ടിവരും. പുതിയത്​ സ്ഥാപിക്കാനും കോർപറേഷൻ മെനക്കെടു​ന്നില്ല. പുതിയ പ്രോ​ട്ടോകോൾ പ്രകാരം ഒരു കൊല്ലത്തിനകം നഗരത്തിൽ ആവശ്യമുള്ളിടത്തെല്ലാം പൊതു ശൗചാലയങ്ങൾ സ്​ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പാകുമോയെന്നും ഉറപ്പില്ല. നിരവധി പേരെത്തുന്ന വലിയങ്ങാടിക്ക്​ സമീപം റോബിൻസൺ റോഡിൽ ഒന്നര വർഷം മുമ്പ്​ നിർമിച്ച പൊതുശൗചാലയം ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ​​കെട്ടിടത്തിന്​ നമ്പറിടാൻ പോലും കോർപറേഷൻ തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.