കോട്ടയം: തുടർച്ചയായ കനത്തചൂടിൽ ഉൽപാദനം കുറഞ്ഞ് പൈനാപ്പിൾ. വിപണിയില്‍ മികച്ച ആവശ്യകതയുള്ള സമയത്ത് ഉൽപാദനം കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. ചൂടിനെ പ്രതിരോധിക്കാൻ കർഷകർ വിവിധ മാർഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും മികച്ച വിളവ് ലഭിക്കുന്നില്ല.
പൈനാപ്പിൾ കൃഷിയുടെ ഉണക്കിനെ നേരിടാൻ നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണ് തണലൊരുക്കുന്നത്. ഓല ഉപയോഗിച്ച് പൊത ഇടുമ്പോൾ ഒരു ചെടിക്ക് രണ്ടര രൂപ എന്ന നിരക്കിൽ കർഷകർക്ക് ചെലവാകുന്നുണ്ട്. വളം ലഭിക്കുന്നതിനും ക്ഷാമം നേരിടുന്നുണ്ട്.
ഓരോ സീസണിലും വളത്തിന്റെ വിലയില്‍ വർധനയുണ്ടാകും. പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മസൂറി, മഗ്നീഷ്യം തുടങ്ങിയ വളങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളേക്കാള്‍ കടുത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഇതോടെ കൈതച്ചെടികള്‍ വേഗത്തില്‍ ഉണങ്ങുകയാണ്.
ചെടികള്‍ വാടി ഫംഗസ് രോഗം വന്ന തോട്ടത്തിലെ കൈതക്ക് സമാനമായി. പല കർഷകരുടെയും പൈനാപ്പിള്‍ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. നിലവില്‍ പൈനാപ്പിളിന് കിലോക്ക് 50 രൂപയോളമാണ് വില. എന്നാല്‍, ഈ വിലയ്ക്ക് വേണ്ട ഗുണനിലവാരത്തില്‍ പൈനാപ്പിള്‍ ലഭിക്കുന്നില്ലെന്നതും കർഷകർക്ക് തിരിച്ചടിയാകുന്നു.
കയറ്റുമതി സാധ്യത ഏറെയുള്ള വിളയാണ് പൈനാപ്പിള്‍. സംസ്ഥാനത്ത് വാഴക്കുളം കഴിഞ്ഞാല്‍ ഉൽപാദനം നടക്കുന്നതില്‍ രണ്ടാം സ്ഥാനം ജില്ലക്കാണ്. മണർകാട്, അയർക്കുന്നം, മറ്റക്കര, അമയന്നൂർ, നെടുംകുന്നം, പൊൻകുന്നം, ളാക്കാട്ടൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം തുടങ്ങി ജില്ലയുടെ വിവിധയിടങ്ങളിൽ കൃഷിയുണ്ട്.
പാട്ടകൃഷിയായാണ് പലരും പൈനാപ്പിൾ കൃഷി നടത്തുന്നത്. ഇതിന്റെ തുകക്കൊപ്പം കൂലിച്ചെലവും വർധിച്ചതോടെ കൃഷി ആദായകരമല്ല. പൈനാപ്പിൾ കൃഷിയിലെ പ്രതിസന്ധികൾ ഓരോ വർഷവും നിരവധി കർഷകരെ മറ്റ് കൃഷികളിലേക്കായി മാറിച്ചിന്തിക്കാൻ നിർബന്ധിതരാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.