കോട്ടയം മെഡിക്കൽ കോളേജ്
അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു; കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലിടമില്ല
ഗാന്ധിനഗർ: അജ്ഞാത മൃതദേഹങ്ങളാൽ നിറഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി. മൃതദേഹം സെല്ലിനു വെളിയിൽ കിടത്തേണ്ട അവസ്ഥയാണ്.
കഴിഞ്ഞ ദിവസം വിവിധ അപകടങ്ങളിൽപെട്ട് ചികിത്സയിൽ കഴിയവേ മരിച്ച അഞ്ചു മൃതദേഹങ്ങൾ മൂന്നുമണിക്കൂറോളം മോർച്ചറിക്ക് വെളിയിൽ വെക്കേണ്ടി വന്നു. 18 സെല്ലുകളാണ് മോർച്ചറിയിലുള്ളത്. 2025 ജൂലൈ ഏഴിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആഗസ്റ്റ് എട്ടിന് മരിച്ചയാൾ മുതൽ 2026 ഫെബ്രുവരി രണ്ടിനു മരിച്ചയാളുടേതടക്കം 12 അനാഥമൃതദേഹങ്ങളാണ് നിലവിൽ സെല്ലിൽ സൂക്ഷിച്ചിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, തിരുവല്ല, പെരുമ്പാവൂർ, ഏറ്റുമാനൂർ, വൈക്കം വെള്ളൂർ, കളമശ്ശേരി, കോട്ടയം, ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിൽപെട്ടവരുടേതാണ് മൃതദേഹങ്ങൾ.
ബന്ധുക്കളെ കണ്ടെത്തി മൃതദേഹങ്ങൾ ഏൽപ്പിക്കണമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും കഴിഞ്ഞിട്ടില്ല. ഒരാഴ്ച മുതൽ എട്ടു മാസം വരെ പഴക്കമുള്ളതാണ് മൃതദേഹങ്ങൾ. എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയിലിരിക്കെ അത്യാസന്ന നിലയിലാകുന്ന അനാഥ രോഗികളെ വിദഗ്ധ ചികിത്സക്ക് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുന്നത് പതിവാണ്.
കൂടെ ബന്ധുക്കളോ കൂട്ടിരിപ്പുകാരോ ഇല്ലാത്തതിനാൽ രോഗികളെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ഡ്രൈവർ തിരിച്ചുപോകും. രോഗിയുടെ വിവരങ്ങൾ ഇവരിൽ നിന്നു ലഭിക്കാറില്ല. ഇതോടെ ഇവർ അജ്ഞാത രോഗികളായി മെഡിക്കൽ കോളജിൽ തുടരും. മരിച്ചാൽ അജ്ഞാത മൃതദേഹമായി മോർച്ചറിയിലേക്കു മാറ്റും. ഇൻക്വസ്റ്റ് തയാറാക്കി പൊലീസ് മൃതദേഹം സെല്ലിൽ തന്നെ സൂക്ഷിക്കും.
മരിച്ചയാളുടെ ബന്ധുക്കളെ തിരഞ്ഞ് മാധ്യമങ്ങളിൽ വാർത്ത നൽകും. മാസങ്ങൾ പിന്നിടുമ്പോൾ വളരെ കുറച്ചു പേർ മാത്രം വിവരം അറിഞ്ഞ് എത്തി മൃതദേഹം നിയമാനുസൃതം ഏറ്റുവാങ്ങും. ശേഷിക്കുന്ന മൃതദേഹം സർക്കാർ ചെലവിൽ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തത്തിൽ മറവു ചെയ്യും. മറവ് ചെയ്തുകഴിഞ്ഞാൽ ചില ബന്ധുക്കൾ രേഖകളുമായി എത്തി മരണ സർട്ടിഫിക്കറ്റ് വാങ്ങി സ്ഥലം വിടുന്ന പതിവും ഉണ്ട്. മൃതദേഹങ്ങൾ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനും വിട്ടുനൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.