സപ്ലൈകോയിൽ അവശ്യവസ്തുക്കളുടെ ക്ഷാമം

കോട്ടയം: അവശ്യവസ്തുക്കളുടെ വിലവർധനയിനിടെ സപ്ലൈകോ സ്റ്റോറുകൾ കാലി. സബ്​സിഡിയുള്ള ഭക്ഷ്യവസ്തുക്കൾക്ക്​ കടുത്ത ക്ഷാമമാണ്​ അനുഭവപ്പെടുന്നത്​. പലതവണ എത്തിയിട്ടും സാധനങ്ങൾ ലഭിക്കാത്ത സാഹചര്യമാണെന്ന്​ ഉപഭോക്താക്കൾ പറയുന്നു. പരിപ്പ്​, വെളിച്ചെണ്ണ, തുവര, ഉഴുന്ന്​, വൻപയർ തുടങ്ങിയവക്കാണ്​ സപ്ലൈകോയിൽ ക്ഷാമം നേരിടുന്നത്​. പലയിടങ്ങളിൽ അരിയും കിട്ടാനില്ല. വിപണിവില​യെക്കാൾ കുറവിൽ സാധനങ്ങൾ ലഭിക്കുമെന്നതിനാൽ സപ്ലൈകോയെ ആശ്രയിക്കുന്നവർ നിരവധിയാണ്​. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ കൂടുതൽ സാധാരണക്കാർ സപ്ലൈകോയിലേക്ക്​ എത്തുന്നുമുണ്ട്​. എന്നാൽ, അവശ്യവസ്തുക്കൾക്കുണ്ടായ ക്ഷാമം ജനങ്ങൾക്ക്​ വൻതിരിച്ചടിയാണ്​ നൽകുന്നത്​. യുക്രെയ്നിലെ യുദ്ധത്തെതുടർന്ന്​ പാമൊയിൽ, സൂര്യകാന്തി എണ്ണ, നിലക്കടല എണ്ണ തുടങ്ങിയവക്ക്​ വില വർധിച്ചിരിക്കുകയാണ്​. ഇതോടെ കൂടുതൽ പേർ വെളിച്ചെണ്ണ തേടി എത്തുന്നു. എന്നാൽ, കുറച്ച്​ സ്​റ്റോക്കുമാത്രമാണ്​ എത്തുന്നത്​. അതിനാൽ സാധാനങ്ങൾ എത്തുന്നതിനെക്കാൾ വേഗത്തിൽ തീരുന്ന സ്ഥിതിയാണ്​. മുളക്​ ഉ​ൾപ്പെടെ സാധനങ്ങൾ എല്ലാമാസവും ലഭിക്കാത്തതും സാധാരണക്കാർക്ക്​ തിരിച്ചടിയാണ്​. വറ്റൽ മുളകിന്​ വലിയതോതിൽ വില വർധിച്ചിട്ടുണ്ട്​. ഇതോടെ കൂടുതൽപേരാണ്​ സപ്ലൈകോയിൽ വറ്റൽമുളക്​ തേടിയെത്തുന്നത്​. എന്നാൽ, ഒറ്റ​പ്പെട്ട മാസങ്ങളിലാണ്​ ലഭിക്കുന്നത്​. ഒരുമാസത്തിൽ സബ്​സിഡി നിരക്കിൽ അരക്കിലോ മാത്രമാണ്​ ലഭിക്കുന്നത്​. അതിനാൽ പൊടിപ്പിക്കാൻ കഴിയുന്നില്ല. സ്​റ്റോക്ക്​ ഇല്ലാതിരുന്ന മാസങ്ങളിലെ മുളക്​ പോലുള്ളവ തുടർമാസങ്ങളിൽ അനുവദിച്ചാൽ സാധാരണക്കാർ ഗുണകരമാകുമെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.