പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ മണിമല -പൊൻകുന്നം റോഡിലെ ഏറ്റവും വലിയ വളവായ തെക്കേത്തുകവലയിൽ തുടർച്ചയായ അപകടങ്ങൾ യാത്രക്കാർക്ക് പേടിസ്വപ്‌നമാകുന്നു. ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയ തെക്കേത്തുകവല മംഗലത്ത് പ്രകാശാണ് അപകടത്തിൽ മരിച്ചത്. നടന്നുപോകുന്നതിനിടെ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാരണം.
2024 ഡിസംബർ 24 ന് ഇതേ സ്ഥലത്തുണ്ടായ കാറപകടത്തിൽ രണ്ട് യുവാക്കളാണ് മരിച്ചത്. ചിറക്കടവ് പേരൂർക്കവല അറത്തിൽ അദ്വൈത് ലാൽ, ചെറുവള്ളി കിഴക്കേക്കവല തൈമുറിയിൽ (കളപ്പാട്ട്) നിധിൻ എന്നിവർ റോഡരികിൽ സംസാരിക്കുന്നതിനിടെ ഇടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. സംസ്ഥാന പാതയായി നവീകരിച്ചപ്പോഴും യാതൊരു സുരക്ഷാക്രമീകരണവും ഇവിടെ ലഭ്യമല്ല.
കൊടുംവളവ് കുറക്കാൻ നടപടി സ്വീകരിക്കുകയോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയോ ചെയ്തില്ല. വീതി കൂട്ടാൻ കുറച്ചുസ്ഥലം പിന്നീട് സമീപവാസി വിട്ടുകൊടുത്തെങ്കിലും പ്രയോജനപ്പെടുത്തിയില്ല. വളവിൽ തന്നെയാണ് ചാമംപതാൽ റോഡ് വന്നുചേരുന്നത്. ചാമംപതാൽ റോഡിലേക്ക് പൊൻകുന്നത്ത് നിന്നെത്തുന്ന വാഹനങ്ങൾ കയറുമ്പോൾ ഹൈവേയിൽ വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുറപ്പ്. വളവിന് സമീപം ബസുകൾ നിർത്തി ആൾക്കാരെ ഇറക്കുന്നതും അപകടസാധ്യത കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.