കോട്ടയം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലി കോട്ടയത്ത് അതീവ നാടകീയ സംഭവങ്ങൾ. കേന്ദ്ര നിരീക്ഷകന്റെ വിചിത്രമായ നിർദേശത്തെത്തുടർന്നുണ്ടായ തർക്കം ഒടുവിൽ സുരക്ഷാച്ചുമതലയുള്ള സൈനികർ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുചൂണ്ടുന്ന സാഹചര്യം വരെയെത്തിച്ചു. വൈക്കം മണ്ഡലത്തിലെ യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കോട്ടയം ബസേലിയസ് കോളജിലായിരുന്നു പ്രതിഷേധങ്ങൾക്കും സംഘർഷാവസ്ഥക്കും വേദിയായത്.
ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ എം.ഡി സെമിനാരി സ്കൂളിലും വൈക്കത്തേത് ബസേലിയസ് കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ സ്ട്രോങ് റൂമുകൾ പൂട്ടിയ ശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹ നൽകിയ നിർദേശമാണ് വിവാദങ്ങൾക്ക് ആധാരമായത്. സാധാരണഗതിയിൽ സ്ട്രോങ് റൂം പൂട്ടി താക്കോലുകൾ ഉദ്യോഗസ്ഥർ കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ താക്കോലുകൾ താഴിനൊപ്പം ചേർത്ത് അവിടെത്തന്നെ സീൽ ചെയ്തു വെക്കാൻ നിരീക്ഷകൻ നിർദേശിക്കുകയായിരുന്നു. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തർക്കം ആരംഭിച്ചത്.
ബംഗാളിലും അസമിലുമൊന്നും കേരളത്തിലെ രീതിയിലല്ല സ്ട്രോങ് റൂമുകൾ പൂട്ടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇരുപൂട്ടുകളുടെയും ഓരോ താക്കോൽ വീതം താഴുകൾക്കൊപ്പം തന്നെ സീൽ ചെയ്തു വെക്കണമെന്നും ബാക്കിയുള്ള ഓരോ താക്കോൽ മാത്രം റിട്ടേണിങ് ഓഫിസർമാർ സൂക്ഷിച്ചാൽ മതിയെന്നും അദ്ദേഹം ശഠിച്ചു. ഈ നിലപാടിനെതിരെ കോട്ടയം വെസ്റ്റ് പൊലീസും റിട്ടേണിങ് ഓഫീസർമാരും ശക്തമായ സംശയം പ്രകടിപ്പിച്ചു. താക്കോൽ വാതിലിൽ തന്നെ സീൽ ചെയ്തു വെക്കുന്നത് സുരക്ഷാ വീഴ്ചയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും ഡി.സി.സി പ്രസിഡന്റുമായ നാട്ടകം സുരേഷും ഇലക്‌ഷൻ ഏജന്റ് ജി. ഗോപകുമാറും വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. അവർ ജില്ലാ കലക്ടർ ചേതൻകുമാർ മീണക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. തുടർന്നു കലക്ടർ സ്കൂളിലെത്തി. ചർച്ചക്ക്ശേഷം രണ്ടിടത്തെയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടാൻ നിർദേശിച്ചു. ഇതിനു ശ്രമിച്ചപ്പോഴാണു ബസേലിയസ് കോളജിൽ കാവൽ നിന്നിരുന്ന സി.ഐ.എസ്.എഫ് സൈനികർ ഉദ്യോഗസ്ഥർക്കുനേരെ തോക്ക് ചൂണ്ടിയത്.
പിന്നീട് കേന്ദ്ര നിരീക്ഷകനും കലക്ടറും ചേർന്നു തർക്കം പരിഹരിക്കുകയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടി താക്കോലുകൾ റിട്ടേണിങ് ഓഫിസർക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർക്കുമായി കൈമാറുകയും ചെയ്തു. വാതിലുകൾ വലിയ പ്ലൈവുഡ് ഷീറ്റ് വച്ചു മറച്ച് അതിനു മുകളിൽ പട്ടിക തറച്ചു സുരക്ഷിതമാക്കി. ജില്ലയിലെ സ്ട്രോങ് റൂമുകളെല്ലാം പിന്നീടു കലക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.