കടുത്തുരുത്തി ഗവ. വി.എച്ച്.എസ്.എസിലെ സോഷ്യൽ സർവീസ് സ്കീം വളന്റിയർമാർ ഒരുക്കിയ സംഭാരപന്തൽ
കോട്ടയം: സ്വന്തമായി വോട്ടില്ലെങ്കിലും ഒരുകൂട്ടം കുരുന്നുകൾ ജനാധിപത്യത്തിന് കുളിരേകുന്ന കാഴ്ചയായിരുന്നു കടുത്തുരുത്തി ഗവ. വി.എച്.എസ്.എസിലെ പോളിങ് ബൂത്തിൽ. എരിപൊരി വെയിലത്ത് വോട്ട് ചെയ്യാനെത്തിയവർക്ക് ഗ്ലാസ് നിറയെ സംഭാരവുമായാണ് സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിലെ വളന്റിയർമാർ എതിരേറ്റത്.
മെടഞ്ഞെടുത്ത ഓലകൊണ്ടുണ്ടാക്കിയ പ്രത്യേക പന്തലിലായിരുന്നു സംഭാര വിതരണം. ശക്തമായ ചൂടിൽ നീണ്ട ക്യൂവിൽ നിന്ന് വോട്ട് ചെയ്തവർക്ക് ആശ്വാസമായിരുന്നു കുട്ടികൾ ഒരുക്കിയ സംഭാരം. മിക്ക കടകളും അടഞ്ഞുകിടന്ന സാഹചര്യത്തിൽ കുട്ടികൾ നൽകിയ സംഭാരം സ്നേഹത്തോടെ വോട്ടർമാർ സ്വീകരിച്ചു.
സ്കൂളിലെ 30 വിദ്യാർഥികളാണ് 4 എസ് എന്നറിയപ്പെടുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ വളന്റിയർമാർ. സോഷ്യൽ സയൻസ് അധ്യാപിക ലിൻസി ചാക്കോയുടെ നേതൃത്വത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. സ്കൂളിലെ കുട്ടികൾ തന്നെ നട്ടുവളർത്തിയ പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയുമാണ് സംഭാരമൊരുക്കാൻ ഉപയോഗിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. യു. ഷംല പറഞ്ഞു. 30 ലിറ്റർ സംഭാരമാണ് ആദ്യം ഒരുക്കിയത്. തികയാതെ വന്നപ്പോൾ 29 ലിറ്റർ കൂടി അധികമുണ്ടാക്കിയെന്നും ഷംല പറഞ്ഞു. 10ാം ക്ലാസുകാരി സൂരജയുടെ നേതൃത്വത്തിലാണ് സംഭാരം വിതരണം ചെയ്തത്.
4 എസിലെ വളന്റിയർമാർ സ്കൂളിലെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം സമീപത്തെ വൃദ്ധസദനങ്ങളിൽ ഭക്ഷണമെത്തിക്കുന്ന പരിപാടിയും നടത്തുന്നുണ്ട്. എല്ലാറ്റിനും ഫണ്ട് കണ്ടെത്തുന്നതും കുട്ടികൾ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.