പ്രതീകാത്മക ചിത്രം
മുണ്ടക്കയം: എല്‍.ഡി.എഫ്. ബൂത്ത് ഓഫിസ് മാറ്റിയതിനെ ചൊല്ലി പൂഞ്ഞാറിലെ ഇടതു സ്ഥാനാര്‍ഥി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയും പൊലീസും തമ്മിൽ വാക്കേറ്റം. പാറത്തോട് പഞ്ചായത്തിലെ 102, 103, 104 ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിനു സമീപത്ത് ആയിരുന്നു സംഭവം. പൊലീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകരോട് പക്ഷപാതം കാണിച്ചെന്ന് ആരോപിച്ചാണ് എം.എൽ.എ തട്ടിക്കയറിയത്. ഡി.ജി.പിയുടെ മുകളിലാണ് റാങ്കെന്നും ഇലക്ഷനങ്ങ് തീരും, ഡി.ജി.പി മുതലുള്ള ഉദ്യോഗസ്ഥരെ തനിക്കറിയാമെന്നും എസ്.ഐയോട് പറയുന്നത് വീഡിയോയിലുണ്ട്. എല്‍.ഡി.എഫ്. പ്രവര്‍ത്തകരോട് പക്ഷപാതപരമായി കാഞ്ഞിരപ്പള്ളി പൊലീസ് ഇടപെടുന്നുവെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. എന്നാല്‍ ബൂത്തിന് സമീപത്ത് സ്ഥാനാര്‍ഥികളുടെ ഫ്ലക്സ് ബോര്‍ഡുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഓഫിസുകളും ബുധനാഴ്ച രാത്രി തന്നെ മാറ്റണമെന്ന് നിർദേശം നല്‍കിയിരുന്നതായും ബൂത്ത് പരിധിയില്‍ 100 മീറ്ററിനുള്ളില്‍ നിന്ന് എല്‍.ഡി.എഫ്. ബൂത്ത് ഓഫിസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എം.എല്‍.എ തട്ടിക്കയറിയതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.