ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ യു.ഡി എഫ് സ്ഥാനാർഥി വിനു ജോബും
എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോബ് മൈക്കിളും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
കോട്ടയം: കൊട്ടും കുരവയും ആരവവും അടങ്ങി. കാതടപ്പിച്ച പ്രകടനങ്ങളോടെ ശബ്ദ പ്രചാരണത്തിനും സമാപനമായി. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ 24 മണിക്കൂർ. മൂന്നാഴ്ച മാത്രം നീണ്ട നാടിളക്കിയ പ്രചാരണത്തിനൊടുവിൽ വോട്ടർമാർ നാളെ ബൂത്തിലെത്തും, അടുത്ത സർക്കാറിന്‍റെ വിധിയെഴുതാൻ.
ശബ്ദ പ്രചാരണത്തിന്‍റെ അവസാന മുഹൂർത്തങ്ങളെ മുന്നണികൾ ആഘോഷമാക്കിയപ്പോൾ ഉത്സവഛായയിലായിരുന്നു കൊട്ടിക്കലാശം. ബാൻഡ് വാദ്യങ്ങളും ചെണ്ട മേളങ്ങളും അമ്മൻകുടവും വിവിധ കലാരൂപങ്ങളും ഹൈവോൾട്ട് ശബ്ദവിന്യാസവും വർണ്ണക്കടലാസുകൾ തീർത്ത കടലിളക്കവുമെല്ലാം ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അക്ഷരനഗരിയിൽ ഉത്സവമായി.ചില സ്ഥാനാർഥികൾ ആഘോഷങ്ങൾ ഒഴിവാക്കി വോട്ടർമാരെ നേരിൽ കാണാനിറങ്ങിയപ്പോൾ അലങ്കരിച്ച വാഹനങ്ങളിൽ റോഡ് ഷോയോടുകൂടിയായിരുന്ന മറ്റുള്ളവർ കലാശക്കൊട്ടിനിറങ്ങിയത്.
കോട്ടയം മണ്ഡലത്തിന്‍റെ കേന്ദ്രമായ തിരുനക്കര ഗാന്ധി സ്ക്വയറിൽ മൂന്നു മുന്നണികളും ആം ആദ്മി പാർട്ടിയും സ്ഥാനാർഥികളുമായി മുഖത്തോടു മുഖം നിന്നപ്പോൾ പൂരനഗരിക്കു സമമായി. നാല് മണിയോടെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ചെറിയ ജാഥകളായി പ്രവർത്തകർ തിരുനക്കരയിലേക്ക് ഒഴുകി. നാല മണിയായപ്പോൾ റോഡ് ഷോയുമായി എൽ.ഡി.എഫ് സ്ഥാനാർഥി കെ. അനിൽ കുമാറും യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനും എൻ.ഡി.എ സ്ഥാനാർഥി പി. അനിൽ കുമാറും പ്രവർത്തകരുമായി തിരുനക്കരയുടെ മൂന്നു ഭാഗത്തും അണിനിരന്നു. അഞ്ചു മണിയായപ്പോൾ ആം ആദ്മി സ്ഥാനാർഥി ഡോ. സെലിൻ ഫിലിപ്പിനെയും വഹിച്ചുള്ള വാഹനം തിരുനക്കരയിൽ എത്തിയതോടെ നാലപാടും കലാശക്കൊട്ടിന്‍റെ ആരവമുയർന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണനെ ജെ.സി.ബിയിൽ കയറ്റി ഉയർത്തിയായിരുന്നു യു.ഡി.എഫ് പ്രവർത്തകർ കലാശക്കൊട്ട് കേമമാക്കിയത്. കാതടപ്പിക്കുന്ന പാട്ടിനുമൊപ്പം പാരഡികൾക്കുമൊപ്പം സ്ഥാനാർഥികളും താളം ചവിട്ടിയപ്പോൾ പ്രവർത്തകർക്കും ആവേശം അടിമുടികയറി. കൃത്യം ആറു മണിയോടെ കലാശക്കൊട്ടിന് സ്വിച്ചമർത്തിയതുപോലെ തിരശ്ശീല വീണു. കൊട്ടിക്കലാശം കണക്കിലെടുത്ത് തിരുനക്കര സെൻട്രൽ ജംങ്ഷൻ വഴിയുള്ള ഗതാമതം വഴിതിരിച്ചുവിട്ടിരുന്നു. എങ്കിലും, മെഡിക്കൽ കോളജിലേക്കുള്ള പ്രധാനപാതയായതിനാൽ നിർബാധം വന്നുകൊണ്ടിരുന്ന ആംബുലൻസുകൾക്ക് കടന്നുപോകാൻ പ്രവർത്തകർ വഴിയൊരുക്കി കൊടുത്തു.
പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും പാലായിൽ മാണി സി. കാപ്പനും കൊട്ടിക്കലാശം ഒഴിവാക്കി വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമിച്ചത്. ഏറ്റുമാനൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവൻ ടൗണിലും യു.ഡി.എഫ് സ്ഥാനാർഥി നാട്ടകം സുരേഷ് അതിരമ്പുഴയിലും റോഡ് ഷോ നടത്തി. പാലായിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ. മാണിയും എൻ.ഡി.എ സ്ഥാനാർഥി ഷോൺ ജോർജും റോഡ് ഷോ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.