കുലുക്കമില്ലാതെ ​ഡോ. ജോസഫ്​ സ്​കറിയ

കോട്ടയം: കണ്ണൂർ സർവകലാശാലയിലെ അസോ. പ്രഫസർ നിയമന വിവാദം ഗവർണറും സർക്കാറും തമ്മിലുള്ള തുറന്ന​ പോരിലേക്ക്​ വഴിമാറുമ്പോഴും കുലുക്കമില്ലാതെ 'കാരണഭൂതനായ' ​ഡോ. ജോസഫ്​ സ്​കറിയ. ചങ്ങനാശ്ശേരി എസ്​.ബി കോളജ്​ മലയാള വിഭാഗം മേധാവിയായ ഇദ്ദേഹത്തിന്‍റെ പരാതിയാണ്​ കേരളം ഉറ്റുനോക്കുന്ന തർക്കത്തിലെ കേന്ദ്രബിന്ദു. തർക്കം പുതിയതലങ്ങളിലേക്ക്​ നീങ്ങുമ്പോഴും തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇദ്ദേഹം, പോരാട്ടം തുടരുമെന്നും വ്യക്തമാക്കുന്നു. പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരെ ഗവർണർക്ക്​ പരാതി നൽകിയത്​ റാങ്ക്​ പട്ടികയിൽ രണ്ടാമനായിരുന്ന ജോസഫ്​ സ്​കറിയയായിരുന്നു. ഇതിൽ വിവാദ നിയമന പട്ടിക സ്റ്റേ ചെയ്ത ഗവർണർ, തുടർനടപടികളും കടുപ്പിക്കുകയാണ്​. തന്‍റെ പരാതി ഇത്രയും വളരുമെന്ന്​ കരുതിയില്ലെന്ന്​ പറയുന്ന ജോസഫ്​ സ്​കറിയ, സർക്കാർ-ഗവർണർ ചേരിപ്പോരായി ഇത്​ മാറുമെന്നൊന്നും​ പ്രതീക്ഷിച്ചിരുന്നില്ലെന്നും 'മാധ്യമ'ത്തോട്​ പറഞ്ഞു. കണ്ണൂരിനു പിന്നാലെ കാലിക്കറ്റ്​ സർവകലാശാല​ മലയാള വിഭാഗം പ്രഫസർ നിയമന പട്ടികയിൽ ജോസഫ്​ സ്​കറിയ ഒന്നാമതെത്തിയിരുന്നു. എന്നാൽ, ഇതിലും നിയമനം നടന്നിട്ടില്ല. സിൻഡിക്കേറ്റിലെ ഇടതു പ്രതിനിധികളു​ടെ എതിർപ്പായിരുന്നു കാരണം. ഇതിൽ നിയമനം നടക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ ​അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി എസ്​.ബി കോളജിൽ അധ്യാപകനായി 14 വർഷം പിന്നിട്ട ഇദ്ദേഹം 25 വർഷത്തിലധികമായി അധ്യാപനരംഗത്തുണ്ട്​. മലബാർ ചരിത്രരേഖകളുമായി ബന്ധപ്പെട്ട ഭാഷാപഠനത്തിൽ പിഎച്ച്​.ഡി നേടിയ ഇദ്ദേഹം ഇടത്​ അനുകൂല അധ്യാപക സംഘടനയിലെ അംഗവുമാണ്​. എന്നാൽ, തന്‍റെ പരാതി രാഷ്​ട്രീയ പോരാട്ടമല്ലെന്ന്​ അദ്ദേഹം പറയുന്നു. ഏതെങ്കിലും പാർട്ടിക്കും എതിരല്ല. അങ്ങനെ ചിത്രീകരിക്കുന്നതിനോട്​ യോജിപ്പില്ല. സർവകലാശാലകളിൽ നീതിപൂർവകമായ നിയമനം നടത്തണമെന്നാണ്​ ആവശ്യം. ഇതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ഞാൻ പ്രവർത്തിക്കുന്ന സംഘടനയോ മറ്റാരെങ്കിലുമോ എതിരാണെന്ന്​ തോന്നിയിട്ടില്ല. പ്രിയ വർഗീസിനോട്​ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനുള്ള​ കൂടുതൽ സാധ്യതകളാണ്​ കണ്ണൂർ, കാലിക്കറ്റ്​​ സർവകലാശാലകളി​ലേക്ക്​ അപേക്ഷിക്കാനുള്ള കാരണം. വിവാദങ്ങൾക്കൊടുവിൽ കണ്ണൂരിലും കാലിക്കറ്റിലും​ നിയമനം ലഭിച്ചാൽ ഏത്​ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന്​ കാലിക്കറ്റ്​ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അവിടെ പ്രഫസർ പദവിയാണ്​- അദ്ദേഹം പറഞ്ഞു. ആറ്​ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ജോസഫ്​ സ്​കറിയ നേത്തേ ഏഴുവർഷം മാനന്തവാടിയിൽ ഹയർ ​സെക്കൻഡി അധ്യാപകനായിരുന്നു. അൺ എയ്​ഡ്​ഡ്​ കോളജുകളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം മൂന്നുവർഷം ഡച്ച്​ സർക്കാറിന്‍റെ കീഴിൽ തിരുവനന്തപുരത്ത്​ പീപ്ൾ കോളജിൽ കോഴ്​സ്​ കോഓഡിനേറ്റായി പ്രവർത്തിച്ചു. ഭാഷാപഠനത്തിനുള്ള 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്​കാര ജേതാവുമാണ്​. ഇപ്പോൾ ഒമ്പത്​ വിദ്യാർഥികൾ ഇദ്ദേഹത്തിന്‍റെ കീഴിൽ ഗവേഷണം നടത്തുന്നുണ്ട്​. ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയായ ഇദ്ദേഹത്തിന്‍റെ മൂത്ത മകൾ തൃക്കൊടിത്താനം ഗവ. സ്കൂളിൽ പ്ലസ്​ ടു വിദ്യാർഥിയാണ്​. മകൻ പത്താം ക്ലാസിലും പഠിക്കുന്നു. ഏറ്റവുമൊടുവിൽ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്​ ജോസഫ്​ സ്​കറിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.