എസ്​.എൻ കോളജ്​ അധ്യാപകരുടെ സ്ഥലം മാറ്റം: സിംഗിൾബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ

കൊച്ചി: ചെമ്പഴന്തി എസ്.എൻ കോളജിലെ മൂന്ന് അധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട സിംഗിൾബെഞ്ച്​ ഉത്തരവ്​ ഹൈകോടതി ഡിവിഷൻബെഞ്ച്​ സ്​റ്റേ ചെയ്തു. സ്ഥലം മാറ്റം റദ്ദാക്കിയ മാനേജ്​മെന്‍റ്​ തീരുമാനം റദ്ദാക്കിയ വൈസ്​ ചാൻസലറുടെ നടപടി നേരത്തെ സിംഗിൾബെഞ്ച്​ ശരിവെച്ചിരുന്നു. ഇതിനെതിരെ മാനേജ്​മെന്‍റ്​ നൽകിയ അപ്പീലിലാണ്​ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ സിംഗിൾബെഞ്ച്​ ഉത്തരവ്​ സ്​റ്റേ ചെയ്തത്​. കോളജ് കൗൺസിലിന്റെ വിലക്ക് ലംഘിച്ച് അനഭിമതരായവരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി കോളജിൽ വെയിൽ പൂക്കൾ എന്ന പേരിൽ ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിച്ചതിന്​ നടപടി നേരിട്ടു​ കൊണ്ടിരിക്കെ വിഭാഗീയതയും സ്പർധയും വളർത്തിയെന്ന പേരിൽ ഡോ. മനു രമാകാന്ത്, സി.ആർ. രമ്യ, സംഗീത ഹരിഹരൻ എന്നീ അധ്യാപകരെയാണ്​ എസ്.എൻ ട്രസ്റ്റിന്​ കീഴിലെ മറ്റു എസ്.എൻ കോളജുകളിലേക്ക് മാനേജ്‌മെന്റ്​ മാറ്റിയത്​. നടപടി വി.സി റദ്ദാക്കിയതിനെതിരെ എസ്.എൻ. ട്രസ്‌റ്റും വി.സിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും നൽകിയ ഹരജിയിലാണ്​ വി.സിയുടെ ഉത്തരവ്​ സിംഗിൾബെഞ്ച്​ ശരിവെച്ചത്​. മൂന്ന് അധ്യാപകരെയും ചെമ്പഴന്തി കോളജിൽ തുടരാൻ അനുവദിക്കണമെന്നും നിർദേശിച്ചു. ഇതിനെതിരെയാണ്​ അപ്പീൽ നൽകിയത്​. അപ്പീൽ ഹരജി ആഗസ്റ്റ്​ 16ന്​ വീണ്ടും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.