അയത്തിൽ ജങ്ഷനിൽ പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നു.
ഇരവിപുരം: സംസ്ഥാന ഹൈവേയിലുള്ള അയത്തിൽ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ഒടുവിൽ പരിഹാരമായി. ജങ്ഷനിൽ നിർമാണം പൂർത്തിയായ മേൽപാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതോടെയാണ് അയത്തിൽ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായത്. നിർമാണം പൂർത്തിയായ പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടാത്തത് അയത്തിൽ ജങ്ഷനിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി കുരുക്കിന്റെ ചിത്രം സഹിതം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് അധികൃതർ വിഷയത്തിൽ ഇടപെടുകയും പാലത്തിന്റെ അടിവശം വൃത്തിയാക്കിയശേഷം വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. ഇവിടുത്തെ ഗതാഗതക്കുരുക്ക് മൂലം സ്വകാര്യ ബസുകൾ ടിപ്പുകൾ മുടങ്ങുന്നത് പതിവായിരുന്നു. പാലത്തിന്റെ താഴ്ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേവിള ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അയത്തിൽ നിസാം ജില്ല കലക്ടർക്കടക്കം നിവേദനം നൽകിയിരുന്നു.
ഞായറാഴ്ച രാവിലെ മുതലാണ് പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. പാലത്തിന് താഴെ അടച്ചിരുന്നപ്പോൾ സംസ്ഥാന ഹൈവേയിൽ പാലത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. പാലത്തിന് അടിവശം ഗതാഗതത്തിനായി തുറന്നതോടെ സംസ്ഥാന ഹൈവേയിൽ അയത്തിൽ ജംഗ്ഷനിലേക്ക് ഒരു ഒഴുവായി. പാലത്തിന്റെ അടിവശം രണ്ടായി തിരിച്ച ശേഷമാണ് ഓരോ വശത്തുനിന്നും വാഹനങ്ങൾ കടത്തിവിടുന്നത്. ഗതാഗത നിയന്ത്രണത്തിനായി ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.