കൊല്ലം: രണ്ടുമാസത്തിനിടെ ജില്ലയിൽ ലഭിച്ചത് 44 ശതമാനം അധിക വേനൽമഴ. മാർച്ച് മുതൽ ഏപ്രിൽ വരെ ജില്ലയിൽ 309.9 മില്ലിമീറ്റർ മഴയാണ് പെയ്തത്. 214.9 മില്ലിമീറ്ററായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, വർഷാരംഭത്തിൽ ജില്ലയിൽ പെയ്യേണ്ടിയിരുന്ന മഴയിൽ ഗണ്യമായ കുറവുണ്ടായെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കിഴക്കൻമേഖലയിലുൾപ്പെടെ വിവിധയിടങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ കനത്തമഴയാണ് പെയ്യുന്നത്. ഇത് വിവിധയിടങ്ങളിൽ വെള്ളക്കെട്ടിനും കരണമാകുന്നു. സംസ്ഥാനത്ത് ഇടുക്കി ഒഴികെ മിക്ക ജില്ലകളിലും അധിക വേനൽമഴ ലഭിച്ചിട്ടുണ്ട്.
ജില്ലയിൽ അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്നാണ് കാലാവസ്ഥനിരീക്ഷകർ പറയുന്നത്. ശക്തമായി തുടരുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. മലയോരമേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കും കാരണമാകാം. ഈ പ്രദേശങ്ങളിലുള്ളവര്‍ അതിജാഗ്രത പാലിക്കണം.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ജാഗ്രത പുലർത്തണം. കനത്തുപെയ്ത മഴ ഇതുവരെയുള്ള കുറവ് നികത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോഴും കർഷകർ ആശങ്കയിലാണ്. വിവിധയിടങ്ങളിൽ കൃഷിനാശവും വെള്ളക്കെട്ടും ദുരിതവും നിറച്ചു. വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയാണ് കൃഷി നശിച്ചതെങ്കിൽ മഴയിൽ കുലച്ച വാഴകൾ ഒടിഞ്ഞുവീണും കൃഷിസ്ഥലത്ത് വെള്ളം കയറിയുമാണ് നശിച്ചത്.
ജില്ലയുടെ പല ഭാഗങ്ങളിലും വാഴക്കൃഷി ധാരാളമുണ്ട്. ഓണക്കാലം ലക്ഷ്യമിട്ടാണ് പലരുടെയും കൃഷി. വേനൽ മഴ പ്രതീക്ഷിച്ച് വിരിപ്പുകൃഷിക്കായി പാടത്ത് വിത്തുവിതച്ച നെൽകർഷകരും സങ്കടത്തിലായി. പാടം മുഴുവൻ വെളത്തിൽ മുങ്ങിയതോടെ വിത്തെല്ലാം ചീയുന്ന അവസ്ഥയാണ്.
മഴ കുറഞ്ഞ ദിവസങ്ങളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. മഴയും വെയിലും മാറിയെത്തുന്നത് പകർച്ചവ്യാധികൾ പടരുന്നതിനുമിടയാക്കും. ഒന്നിടവിട്ടെത്തുന്ന മഴയിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകി പനിക്കേസുകളുടെ എണ്ണവും ജില്ലയിൽ ദിനേന വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.