അഞ്ചൽ: വിവിധ ജില്ലകളിലെ ചന്ദനക്കൊള്ളക്കേസുകളിൽപെട്ട് ഒളിവിൽ കഴിഞ്ഞ രണ്ടുപേരെ അഞ്ചൽ വനം വകുപ്പധികൃതർ അറസ്റ്റ് ചെയ്തു. പാലക്കാട് നെല്ലായി പണിക്കർ നച്ചിയിൽ അബ്ദുൽ അസീസ് (40), കൊല്ലം പേരയം വയലിൽ പുത്തൻവീട്ടിൽ മുജീബ് (41) എന്നിവരാണ് പിടിയിലായത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം രാത്രിയിൽ വീടിന് സമീപത്തുനിന്ന് അബ്ദുൽ അസീസ് അറസ്റ്റിലായത്. സമാന രീതിയിലാണ് മുജീബിനെയും കസ്റ്റഡിയിലെടുത്തത്. കൊല്ലം, കിളികൊല്ലൂർ, കുണ്ടറ മുതലായ സ്ഥലങ്ങളിലെ സ്വകാര്യ പുരയിടങ്ങളിൽനിന്നുള്ള ചന്ദനമരങ്ങൾ മോഷ്ടിച്ചതടക്കമുള്ള കേസുകളിലെ പ്രതിയാണ് മുജീബ്.
പാലക്കാട്, തൃശൂർ ജില്ലകളിലായി നിരവധി ചന്ദനക്കൊള്ളക്കേസുകളിൽ പ്രതിയാണ് അബ്ദുൽ അസീസ്. 2024ൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസുകളുടെയും പുനലൂർ വനം കോടതിയിൽ 2022 മുതലുള്ള വാറണ്ടിന്റെയും അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്. ദിവ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പുനലൂർ വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.