കൊല്ലം: തെരുവുനായ് ആക്രമണങ്ങൾ പതിവാകുമ്പോഴും ജില്ലയിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ നിലച്ചിട്ട് രണ്ടുവർഷത്തിലധികം പിന്നിടുന്നു. ദിവസവും നിരവധി തെരുവുനായ് ആക്രമണ സംഭവങ്ങൾക്കാണ് ജില്ല സാക്ഷ്യം വഹിക്കുന്നത്. ഈവർഷം ഇതുവരെ നായ്ക്കളുടെ കടിയേറ്റത് ചികിത്സ തേടിയത് 10,142 പേരാണ്.
കഴിഞ്ഞ വർഷം ചികിത്സ തേടിയത് 27,156 പേരും വളർത്തുപൂച്ചകളുടെയുൾപ്പെടെ കടിയേറ്റത് 31,119 പേരുമായിരുന്നു. സമീപ ജില്ലകളെ അപേക്ഷിച്ചുനോക്കുമ്പോൾ മാസത്തിൽ ശരാശരി രണ്ടായിരത്തിലധികം ആളുകൾക്കാണ് ജില്ലയിൽ കടിയേൽക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ റാബിസ് വാക്സിനായ ഐ.ഡി.ആർ.വി (ചർമത്തിന് അടിയിൽ കുത്തിവെക്കുന്നത്) സ്വീകരിച്ചത് 22,772 പേരായിരുന്നു.
എന്നാൽ, ഡോസുകൂടിയതും ചിലവേറിയതുമായ ഐ.എം.ആർ.വി (പേശികളിൽ കുത്തിവെക്കുന്നത്) സ്വീകരിച്ചത് 56 പേരാണ്. ജില്ലയിൽ പഞ്ചായത്തടിസ്ഥാനത്തിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ മാത്രമാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി സെന്റർ പ്രവർത്തിക്കുന്നത്. കൂടാതെ അഞ്ചാലുംമൂട് എ.ബി.സി കേന്ദ്രമുള്ള കോർപറേഷൻ മാത്രമാണ് ഇപ്പോഴും വന്ധ്യംകരണ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. കിഴക്കൻമേഖല ഉൾപ്പെടെ മറ്റൊരിടത്തും നിലവിൽ പദ്ധതി പ്രവർത്തിക്കുന്നില്ല.
പ്രധാന നഗരങ്ങളിലും റോഡുകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. നഗരത്തിലെ ആശ്രാമം, ചിന്നക്കട, റെയിൽവേ സ്റ്റേഷൻ പരിസരം, കെ.എസ്.ആർ.ടി.സി പരിസരം, ക്യു.എസ് റോഡ്, കടപ്പാക്കട എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ വിഹരിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ, ബസ് സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റുകൾ ഉൾപ്പെടെ രാത്രികാലങ്ങളിൽ നിരവധി നായ്ക്കളാണ് അലഞ്ഞുനടക്കുന്നത്.
പ്രഭാതസവാരിക്കാർ, രാവിലെ യാത്രകൾക്കായി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവർ, കാൽനടക്കാർ, ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ, വ്യാപാരികൾ, പത്രവിതരണക്കാർ, വിദ്യാർഥികൾ എന്നിവർക്കാണ് ഏറെയും കടിയേൽക്കുന്നത്.
മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 75,000 അധികം തെരുവുനായ്ക്കളുണ്ട്. ഇവയെ നിയന്ത്രിക്കാൻ ജില്ലയിൽ ഒമ്പതിടങ്ങളിൽ എ.ബി.സി സെന്ററുകൾ തുടങ്ങിയിരുന്നു. പിന്നീട് ഇവയുടെ പ്രവർത്തനം നിലച്ചു. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ കാരണം പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാലാണ് പ്രവർത്തനം മുടങ്ങിയത്.
2000 ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ സേവനമുണ്ടെങ്കിലേ നായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനുമതിയുള്ളൂ. എ.ബി.സി സെന്ററിൽ എ.സി, അടുക്കള, പാചകക്കാർ, ശുചിമുറികൾ തുടങ്ങിയവ വേണമെന്ന ആവശ്യം കർശനമാണ്.
ഇവക്ക് ഫണ്ടില്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കാൻ തയാറാകുന്നില്ല. ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താൻ കഴിയാത്തതും വെല്ലുവിളിയാണ്. നിലവിൽ കുരിയോട്ടുമലയിൽ തെരുവുനായ്ക്കൾക്കായി എ.ബി.സി ഷെൽറ്റർ ഹോം സ്ഥാപിക്കാൻ നടപടികളായായിട്ടുണ്ടെന്നും ജില്ല പഞ്ചായത്ത് പറയുമ്പോഴും നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.