കൊല്ലം: മകരച്ചൂടിൽ നാട് വെന്തുരുകുമ്പോൾ അപകടഭീഷണിയുയർത്തി തീപിടിത്തങ്ങളും വ്യാപകം. അലക്ഷ്യമായി മാലിന്യത്തിനും പുല്ലിനും തീയിടുന്നതും സിഗരറ്റ് കുറ്റിയും വിറകുകൊള്ളിയും തീപ്പെട്ടിക്കൊള്ളിയും വലിച്ചെറിയുന്നതുമുൾപ്പെടെ വലിയ തീപിടിത്തത്തിന് കാരണമാകുകയാണ്.
മാലിന്യത്തിന് തീകത്തിച്ച് ആളുകൾ സ്ഥലംവിടുകയും തീ പടർന്ന് പരിസരങ്ങളിലേക്ക് വ്യാപിക്കുന്നതുമാണ് അഗ്നിരക്ഷാസേന നിലയങ്ങളിലേക്ക് എത്തുന്ന മിക്കവാറും ‘ഫയർ കാളുകൾ’ക്ക് പിന്നിൽ ഏറെയും. മാലിന്യം കത്തിക്കൽ ഒരിക്കലും അശ്രദ്ധമായി കൈകാര്യം ചെയ്യരുതെന്ന മുന്നറിയിപ്പാണ് അഗ്നിരക്ഷാസേനാംഗങ്ങൾക്ക് നൽകാനുള്ളത്.
ജില്ലയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ തീപിടിത്തങ്ങൾ വളരെ കൂടുതലാണെന്നാണ് കണക്കുകൾ. 2022ൽ ആകെ 762 തീപിടിത്തങ്ങളാണ് അഗ്നിരക്ഷാസേന കൈകാര്യം ചെയ്തതെങ്കിൽ ഈവർഷം ഇതുവരെ 138 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാലിന്യം കത്തിക്കൽ പ്രശ്നത്തിന് പുറമെ റബർ തോട്ടങ്ങളിലും പുകപ്പുരകളിലും തീപിടിച്ച് വലിയ നാശനഷ്ടമുണ്ടായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തത്. കിഴക്കൻ മലയോര മേഖലയിൽ ഇത്തരത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മരുതിമലയിൽ ഒരുദിവസംതന്നെ രണ്ടു തവണയാണ് തീപിടിത്തമുണ്ടായി ഏക്കർകണക്കിന് സ്ഥലത്തേക്ക് പടർന്നത്. വിനോദസഞ്ചാരികൾ ഏറെയുള്ള സ്ഥലമാണിവിടം. മണിക്കൂറുകളോളം പണിപ്പെട്ടാണ് അഗ്നിരക്ഷാസേന തീയണച്ചത്.
ട്രാൻസ്ഫോമറുകൾക്കും വൈദ്യുതി ലൈനുകൾക്കും താഴെ തീപിടിത്തമുണ്ടാകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം പള്ളിമുക്കിൽ ഫർണിച്ചർ ഷോറൂമിന്റെ ഗോഡൗണിൽ കഴിഞ്ഞദിവസം തീപിടിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധനകൾകൂടി കഴിയാനുണ്ട്. സ്ഥാപനങ്ങളിലെ അഗ്നിരക്ഷാ സംവിധാനങ്ങളുടെ അഭാവം പോലുള്ള പ്രശ്നങ്ങളാണ് അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നത്.
ചപ്പുചവറുകൾ കൂട്ടിയിട്ട് തീകത്തിച്ചശേഷം സ്ഥലം വിടരുത്. തീ പരിസരത്തേക്ക് ആളിപ്പടരുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആളുണ്ടാകണം. മാലിന്യം പൂർണമായും കത്തി, തീ അണഞ്ഞെന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.