തെരഞ്ഞെടുപ്പ് നോഡൽ ഓഫിസർമാരുടെ യോഗത്തിൽ കലക്ടർ എൻ. ദേവിദാസ് സംസാരിക്കുന്നു
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഉദ്യോഗസ്ഥതലത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ കാര്യക്ഷമമായി നടത്തുന്നതിനുള്ള ആദ്യഘട്ട ഒരുക്കം പൂർണമായി. കുറ്റമറ്റ നിലയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒന്നാംഘട്ട ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി. നിയോഗിക്കപ്പെട്ട നോഡല്‍ ഓഫിസര്‍മാരുടെ ആദ്യയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു കലക്ടർ. നിശ്ചിതദിവസങ്ങള്‍ക്കുള്ളില്‍ കൃത്യതയോടെ പ്രവര്‍ത്തനങ്ങൾ നടത്താൻ നിര്‍ദേശംനല്‍കി.
ചുരുങ്ങിയസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ സമയബന്ധിതമായി നിര്‍വഹിക്കണം. സുതാര്യവും സുസജ്ജവുമായ നടപടിക്രമങ്ങളാണ് കൈക്കൊള്ളേണ്ടത്. പരമാവധിപേരെ വോട്ടുചെയ്യിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ക്ക് പ്രത്യേകശ്രദ്ധ പതിപ്പിക്കണം. രാജ്യാന്തര നിലവാരത്തിലുള്ള ബൂത്ത് സജ്ജീകരിക്കുന്നത് മുതല്‍ ഭിന്നശേഷിക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കെല്ലാം സുഗമമായി വോട്ടുരേഖപ്പെടുത്തുന്നതിനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. തെറ്റിദ്ധാരണജനകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.
മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. മാധ്യമനിരീക്ഷണത്തില്‍ സാമൂഹികമാധ്യമങ്ങളുടെ ഇടപെടലുകളും നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള പ്രചാരണവും കര്‍ശനനിരീക്ഷണത്തിന് വിധേയമാക്കും. പരിസ്ഥിതിസൗഹൃദ തെരഞ്ഞടുപ്പായിരിക്കും ഇത്തവണത്തേതും. വിവിധ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായി 21 നോഡല്‍ ഓഫിസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എ.ഡി.എം ടി.കെ. വിനീത്, സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുധീഷ്, നോഡല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പുനലൂർ: കേരളത്തിലും തമിഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് അതിർത്തിയിൽ പരിശോധന ആരംഭിച്ചു. തമിഴ്നാട്-കേരള അതിർത്തിയായ പുളിയറ, മേക്കര എന്നിവിടങ്ങളിൽ തമിഴ്നാട് പൊലീസും അർധസൈനിക വിഭാഗവും സംയുക്തമായാണ് തീവ്ര പരിശോധന നടത്തുന്നത്. അനധികൃതമായി പണം, നിരോധിത ലഹരി ഉൽപന്നങ്ങൾ, സ്പോടക വസ്തുക്കൾ തുടങ്ങിയവ ഇരുഭാഗത്തേക്കും കടത്തുന്നത് തടയുകയാണ് ലക്ഷ്യം. ഏപ്രിൽ 23ന് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അവിടെയും പ്രാബല്യത്തിലായി. തെങ്കാശി ജില്ലയോട് ചേർന്നുള്ള കേരളത്തിൽ ഏപ്രിൽ ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുന്നതും കണക്കിലെടുത്താണ് കർശനമായ വാഹന പരിശോധനയും നിരീക്ഷണവും നടത്തുന്നത്.
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും തെരഞ്ഞെടുപ്പ് ചട്ടപ്രകാരം മാത്രമാകണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എൻ. ദേവിദാസ്. പ്രിന്റര്‍മാരുടെയും പ്രസാധകരുടേയും പേരും വിലാസവും നിര്‍ബന്ധമായും രേഖപ്പെടുത്തണം. അച്ചടിക്കുന്നവര്‍ പ്രസാധകനെ തിരിച്ചറിയുന്നതിനുള്ള വിവരം/രേഖ തെരഞ്ഞെടുപ്പ് കമീഷന് നിർദേശിച്ച രീതിയില്‍ കൈപ്പറ്റണം, ഒരു പകര്‍പ്പും, അച്ചടിച്ച ലഘുലേഖ/പോസ്റ്ററുകളുടെ നാല് പകര്‍പ്പുകളും, അച്ചടിച്ച പകര്‍പ്പുകളുടെ എണ്ണവും പ്രസാധകരില്‍ നിന്ന് ഈടാക്കിയ അച്ചടിനിരക്കുകളും നിര്‍ദിഷ്ട മാതൃകയിലുള്ള പ്രസ്താവനയും കലക്ടര്‍ക്ക് എ.ഡി.എം മുഖാന്തരം സമര്‍പ്പിക്കണം. അച്ചടി പൂര്‍ത്തിയായാലുടന്‍ നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം.
കൊല്ലം: പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്കെത്തിച്ച് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ എന്‍. ദേവിദാസ്. ബോധവത്കരണത്തിലൂടെ സമ്മതിദാന അവകാശവിനിയോഗം ഉറപ്പാക്കുന്നതിനാണ് നടപടികള്‍ സ്വീകരിക്കുക. സ്വീപ് (സിസ്റ്റമറ്റിക് വോട്ടഴ്സ് എജുക്കേഷന്‍ ആൻഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) വിനിയോഗിച്ചാകും പ്രചാരണ പരിപാടികള്‍. യുവതയെ വോട്ടുചെയ്യാന്‍ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.
ജില്ലയിലെ കോളജുകള്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനങ്ങള്‍. കാലിക ഉള്ളടക്കങ്ങളിലൂടെ യുവതയെ ആകര്‍ഷിക്കുംവിധമുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. സബ്കലക്ടര്‍ അഖില്‍ വി. മേനോനാണ് സ്വീപിന്റെ നോഡല്‍ ഓഫിസര്‍. സ്വീപ് പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ കലക്ടറുടെയും വിവിധ നോഡല്‍ ഓഫിസര്‍മാരുടെയും സാന്നിധ്യത്തില്‍ സബ് കലക്ടര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എല്‍. ഹേമന്ത് കുമാറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.