കൊല്ലം: ജില്ലയിൽ മഴക്കുറവും കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതും വർധിച്ചതോടെ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) രോഗബാധിതരുടെ എണ്ണത്തിലും വർധന. ജനുവരിയിൽ മാത്രം വിവിധ പ്രദേശങ്ങളിൽനിന്ന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച 30ലേറെപ്പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
മഴ ലഭ്യത കുറഞ്ഞതിനെ തുടർന്ന് കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും ജലനിരപ്പ് താഴ്ന്നതാണ് പ്രധാന കാരണം. പല ഇടങ്ങളിലും മലിനജലം കുടിവെള്ളത്തിലേക്ക് കലരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ക്ഷീണം, ഛർദി, വയറുവേദന, കണ്ണും മൂത്രവും മഞ്ഞനിറമാകുക തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുടിവെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കണമെന്നും, ശുചിത്വം കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സംശയാസ്പദ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മഴക്കാലത്തിന് മുമ്പായി കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണവും ക്ലോറിനേഷൻ നടപടികളും ശക്തമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള പാനീയങ്ങളുടെ ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമിക്കുന്ന ഐസ്, ശുചിത്വമില്ലായ്മ എന്നിവയും കാരണങ്ങളാണ്. രണ്ട് മുതൽ ആറ് ആഴ്ച വരെ ഇടവേളയിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാവാം. പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്.ഐ.വി, കരൾ രോഗങ്ങൾ ഉള്ളവരിലുമാണ് രോഗം തീവ്രമാകുന്നത്. രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കുന്നത്. ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കോശങ്ങൾ നശിച്ച് കരളിന്റെ പ്രവർത്തനം തകരാറിലാവും. എന്നാൽ, കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.