കരുനാഗപ്പള്ളിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തുന്നു 

ഓണം പ്രമാണിച്ച് പരിശോധന; ഹോട്ടൽ അടപ്പിച്ചു, കടകൾക്കെതിരെ നടപടി

കരുനാഗപ്പള്ളി: ഓണത്തോടനുബന്ധിച്ച് പൊതുവിപണി നിരീക്ഷിക്കുന്നതിനും അമിതവില ഈടാക്കുന്നത് തടയുന്നതിനുമായി ജില്ല കലക്ടർ രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡ് കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെ വ്യാപാരം നടത്തിയ പലചരക്ക് കടകൾ, പച്ചക്കറി കടകൾ, ഫ്രൂട്സ് സ്റ്റാളുകൾ എന്നിവക്കെതിരെ നടപടി സ്വീകരിച്ചു.

ഫുഡ് സേഫ്റ്റി നിയമങ്ങൾ പാലിക്കാതിരുന്ന ഒരു ഹോട്ടൽ പൂട്ടിപ്പിക്കുകയും മറ്റ് രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഹോട്ടലിൽ അനധികൃതമായി ഉപയോഗിച്ച ഗാർഹിക എൽ.പി.ജി സിലിണ്ടർ പിടിച്ചെടുത്തു. അംഗീകാരമില്ലാത്ത ത്രാസ് ഉപയോഗിച്ച സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പും നടപടിയെടുത്തു.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, അമിതവില ഈടാക്കുക, ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാതിരിക്കുക, അംഗീകാരമില്ലാത്ത ത്രാസുകൾ ഉപയോഗിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ പി.സി. അനിൽകുമാർ അറിയിച്ചു.

പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ എം. ഡാനിയൽ, ഫുഡ് സേഫ്റ്റി ഓഫിസർ ഷീന എ. നായർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അൻസീന, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്.ജെ. മനോജ്, എ. മഞ്ജു, പി. സുജ, എസ്.ബി. മനു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - ഓണം പ്രമാണിച്ച് പരിശോധന; ഹോട്ടൽ അടപ്പിച്ചു, കടകൾക്കെതിരെ നടപടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.