യു.ഡി.എഫ് പ്രവർത്തകർ ഏരൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു
അഞ്ചൽ: ഏരൂർ പഞ്ചായത്തിന്റ അധീനതയിലുള്ള ഭാരതീപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാല് മാസത്തോളം ശമ്പളം ലഭിക്കാതിരുന്നതോടെ ഡോക്ടർ ജോലി ഉപേക്ഷിച്ചു. ആറുമാസത്തിനിടെ രണ്ട് മാസത്തെ ശമ്പളം മാത്രം ലഭിച്ചതോടെ ആണ് താൽക്കാലിക ഡോക്ടർ ജോലി വിട്ടത്. ഇതോടെ പല ദിവസങ്ങളിലും രോഗികൾക്ക് ചികിത്സ ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളത്.
ദിവസേന 250 ഓളം രോഗികൾ ചികിത്സക്കെത്തുന്ന ആരോഗ്യകേന്ദ്രത്തിൽ നിലവിൽ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. ഇദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുകയോ ലീവെടുക്കുകയോ ചെയ്താൽ രോഗികൾ ചികിത്സ കിട്ടാതെ മടങ്ങുന്ന സ്ഥിതിയാണ്. സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതിയിലാണ് നാട്ടുകാർ. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർ ചികിത്സ കിട്ടാത്ത സ്ഥിതിയിലുമാകും. കൂടാതെ, ആശുപത്രി ജീവനക്കാർ രോഗികളോട് മോശമായി പെരുമാറുന്നതായും ആരോപണമുണ്ട്.
ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഏരൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ബി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗീവർഗീസ് അധ്യക്ഷത വഹിച്ചു.
അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു അയിലറ, വൈസ് പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചൻ, യൂത്ത് കോൺഗ്രസ് അയിലറ മണ്ഡലം പ്രസിഡന്റ് ബിജോയ്, മുസ്ലിം ലീഗ് നേതാക്കളായ എ. ദുനൂബ് കുട്ടി, നജീം, പഞ്ചായത്ത് അംഗം ജോജു വിൽസൺ, പി.വി. പ്രകാശ്, ഷറഫുദീൻ, ഇല്ലിയാസ്, റോയ്, ബിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.