അലിമുക്ക്- അച്ചൻകോവിൽ പാതയിൽ കോട്ടക്കയത്ത് മരം വീണനിലയിൽ
പുനലൂർ: അലിമുക്ക്- അച്ചൻകോവിൽ കാനനപാതയിലുടെ യാത്ര ആശങ്ക ഉയർത്തുന്നു. മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ട് മിക്ക ദിവസങ്ങളിലും ഈ പാതയിൽ യാത്രക്കാർ മണിക്കൂറുകൾ വനത്തിൽ കുടുങ്ങുകയാണ്. ആനയും പുലിയും കാട്ടുപോത്തും വിഹരിക്കുന്ന വനത്തിലാണ് യാത്രക്കാർ കുടുങ്ങുന്നത്. ഈ മേഖലയിലെ വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, വിനോദ സഞ്ചാരികൾ തുടങ്ങി യാത്രക്കാർ പ്രയാസം നേരിടുകയാണ്. അവസാനമായി ഞായറാഴ്ച വൈകിട്ട് കോട്ടക്കയത്തിനു സമീപം പാതക്ക് കുറുകെ മരം വീണതിനെ തുടർന്ന് രണ്ടുമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.
വിനോദസഞ്ചാരികൾ അടക്കം നിരവധി യാത്രക്കാർ വനപാതയിൽ കുടുങ്ങി. വൈദ്യുതി തൂണും ലൈനും തകർന്നു. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് പാതയോട് ചേർന്ന വനത്തിലെ മരം വൈദ്യുതി തൂണിന്റെ മുകളിലൂടെ റോഡിലേക്ക് പതിച്ചത്. ഇതിനെ തുടർന്ന് അച്ചൻകോവിൽ നിന്നും പുനലൂരിലേക്കും തിരികെയുമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കടന്നുപോകാനാകാതെ ഇവിടെ നിർത്തിയിട്ടു. അവധി ദിവസമായതിനാൽ നിരവധി വിനോദസഞ്ചാരികളും അച്ചൻകോവിൽ വന്ന് മടങ്ങേണ്ടവരും കുരുക്കിൽപ്പെട്ടു. ഒടുവിൽ വനപാലകർ എത്തി മരം മുറിച്ചു മാറ്റി രണ്ടുമണിക്കൂറിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അടുത്തിടെ നിരവധി തവണ ഈ പാതയിൽ മരങ്ങൾ വീണ് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടിരുന്നു. 35 കിലോമീറ്ററോളം വരുന്ന ഈ പാതയുടെ ഇരുവശവും നൂറുകണക്കിന് മരങ്ങൾ അപകട ഭീഷണിയിലാണ്. നിരന്തരം അപകടവും ഗതാഗതം സ്തംഭനവും ഉണ്ടായിട്ടും അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാൻ വനം വകുപ്പ് തയ്യാറാകുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.