ചിറ്റുമൂല റെയിൽവേ മേൽപാലം പദ്ധതിയുടെ ടെസ്റ്റ് പൈലിങ് പ്രവൃത്തികൾ സി.ആർ. മഹേഷ് എം.എൽ.എ പരിശോധിക്കുന്നു
ചിറ്റുമൂല റെയിൽവേ മേൽപാലം ടെസ്റ്റ് പൈൽ നിർമാണം ആരംഭിച്ചു
കരുനാഗപ്പള്ളി: പുതിയകാവ് ചക്കുവള്ളി റോഡിൽ നിർമിക്കുന്ന ചിറ്റുമൂല റെയിൽവേ മേൽപാലത്തിന്റെ ടെസ്റ്റ് പൈൽ നിർമാണം ആരംഭിച്ചു. പാലത്തിന്റെ അടിത്തറയുടെ സുരക്ഷയും ഭാരം താങ്ങാനുള്ള ശേഷിയും വിലയിരുത്തുന്നതിനാണ് ടെസ്റ്റ് പൈലിങ് നടത്തുന്നത്. ഇതിന്റെ പരിശോധന ഫലം ലഭിച്ച ശേഷം തുടർനിർമാണ പ്രവർത്തനങ്ങളും പൈലുകളുടെ അന്തിമ രൂപകൽപനയും പൂർത്തിയാക്കി വർക്ക് പൈലിങ് ആരംഭിക്കുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു.
കിഫ്ബി ധനസഹായത്തോടെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള നടപ്പാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 42.439 കോടിയാണ്. ഇതിൽ റെയിൽവേ സ്പാൻ ഒഴികെയുള്ള നിർമാണച്ചെലവ് 24.19 കോടിയാണ്. സ്പാനും അപ്രോച്ച് റോഡും ഉൾപ്പെടെ 583 മീറ്റർ നീളത്തിലും, നടപ്പാതയോടെ 10.20 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. 56 സ്വകാര്യ വ്യക്തികളിൽനിന്നായി 10.25 കോടി ചെലവഴിച്ച് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയിട്ടുണ്ട്.
പാലത്തിന്റെ റെയിൽവേ ഭാഗത്തുള്ള സ്പാൻ നിർമാണം റെയിൽവേ നേരിട്ടാണ് നടത്തുന്നത്. ടെസ്റ്റ് പൈൽ ലോഡ് ടെസ്റ്റ് പൂർത്തിയാകുന്നതോടെ മറ്റ് നിർമാണ പ്രവൃത്തികൾ വേഗത്തിലാകുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.