കൊല്ലം: ആറുമാസമായി വെളിച്ചെണ്ണ വില വിപണിയിൽ കുതിച്ചുയരുകയാണ്. തേങ്ങയുടെ വിലയിലും വൻ വർധനവാണ്. ഇതോടെ സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റുന്ന സ്ഥിതിയുമായി. ചില്ലറവിപണിയിൽ നാളികേരം കിലോക്ക് 80-86 രൂപയായപ്പോൾ വെളിച്ചണ്ണവില 400 കടന്നിരിക്കുകയാണ്.
രണ്ടുമാസം മുമ്പ് വെളിച്ചെണ്ണ വില 250 രൂപയായിരുന്നു. ഇതാണ് 400 കടന്നത്. സംസ്ഥാനത്തെ നാളികേര കർഷകരുടെ സഹകരണ സംഘങ്ങളുടെ ഫെഡറേഷനായ കേര ഫെഡിന്റെ വെളിച്ചെണ്ണക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്നത്. കേര വെളിച്ചെണ്ണ ലിറ്ററിന് 419 രൂപയാണ് എം.ആർ.പി. കഴിഞ്ഞമാസം പൊതുവിപണിയിൽ കേര വെളിച്ചെണ്ണയുടെ വില 50 രൂപ വർധിച്ചിരുന്നു. ഈ മാസം തുടക്കത്തിൽ 40 രൂപ വീണ്ടും വർധിപ്പിച്ചു. രണ്ടുമാസത്തിനുള്ളിൽ വെളിച്ചെണ്ണയുടെ വില 150 രൂപയോളമാണ് വർധിച്ചത്. ഇതിനുമുമ്പ് 2018 ലാണ് വെളിച്ചെണ്ണക്ക് വലിയ രീതിയിൽ വില ഉയർന്നത്.
കൊപ്ര ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ വില കുതിച്ചുയരുന്നതിനിടെ വ്യാജന്മാരും സജീവമായിരിക്കുകയാണ്. പിണ്ണാക്ക് ഇറക്കുമതി ചെയ്ത് ഇതിൽനിന്ന് എണ്ണയെടുത്തുള്ള വിൽപനയാണ് നിലവിൽ സജീവം. വില ഉയർന്നുനിൽക്കുന്നതിനാൽ കൊള്ളലാഭം ലക്ഷ്യമിട്ടാണ് തട്ടിപ്പ്. വ്യവസായിക ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന ഇത്തരം എണ്ണ വിപണിയിലെത്തുന്നത് ആരോഗ്യപ്രശ്നത്തിന് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെളിച്ചെണ്ണയിൽ പാംഓയില്‍, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, പാരഫിന്‍ ഓയില്‍ എന്നിവ ചേർത്ത് വിപണിയിൽ വിറ്റഴിക്കുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്. മായംചേര്‍ത്ത ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് സാമ്പിള്‍ പരിശോധനയിലൂടെ കണ്ടെത്തി നിരോധിക്കാറുണ്ട്. വിലവർധിച്ചതിനാൽ ഒരുലിറ്റർ പാക്കറ്റിനുപകരം 800 എം.എൽ വെളിച്ചെണ്ണയുടെ പാക്കറ്റുകളും വിപണിയിലുണ്ട്.
വെളിച്ചെണ്ണക്ക് പകരമായെത്തിയ പാമോയിലിന്റെ വിലയിൽ കാര്യമായ വർധനവുണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. വിലവർധന കാരണത്താൽ ഹോട്ടലുകളിൽനിന്നും മറ്റും വെളിച്ചെണ്ണയുടെ ഉപയോഗം പാടേ പുറംന്തള്ളിയിരിക്കുകയാണ്. ചിപ്സ്, ചെറുകടികൾ നിർമിക്കാനെല്ലാം പാമോയിലിന്റെ ഉപയോഗം വർധിച്ചുവരികയാണ്.
തമിഴ്നാട്ടിലും കർണാടകത്തിലും മഴ കുറഞ്ഞത് തേങ്ങ ഉൽപാദനം കുറച്ചെന്നും നാടന്തേങ്ങ ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതും നാളികേരത്തിന്റെ വിലവര്‍ധനക്ക് കാരണമായെന്നാണ് അനുമാനം. വിവിധ കാരണങ്ങളാൽ കേരളത്തിലും ഉൽപാദനം വലിയതോതിൽ ഇടിഞ്ഞു.
അന്തർസംസ്ഥാനങ്ങളിൽനിന്ന് മുമ്പത്തേക്കാള്‍ കുറഞ്ഞ ലോഡ് തേങ്ങ മാത്രമാണെത്തുന്നതെന്ന് ചെറുകിടവ്യാപാരികളും പറയുന്നു. എന്നാൽ, വില സര്‍വകാല റെക്കോഡിലെത്തിയിട്ടും വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്ന് കേരകര്‍ഷകര്‍ പരാതിപ്പെടുന്നു. എന്നാൽ, വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില പിടിച്ചുനിർത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.