കൊല്ലം: നഗരത്തിന്റെ ചരിത്രപരവും വാണിജ്യപരവുമായ കേന്ദ്രമായ ചിന്നക്കടയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടി അവതരിപ്പിച്ച ‘ചിന്നക്കട സ്കൈവേ ആൻഡ് അർബൻ പാർക്ക്’ പദ്ധതി യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാറിനെ സമീപിച്ച് കോർപറേഷൻ. പദ്ധതി സംബന്ധിച്ച് തയാറാക്കിയ രൂപരേഖ മന്ത്രി ബിന്ദു കൃഷ്ണ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ എ.കെ. ഹഫീസ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ചു. രണ്ട് ഘട്ടമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നിലവിലെ റെയിൽവേ ഓവർബ്രിഡ്ജിന്റെ ഭാഗമായുള്ള വൻമതിൽ വ്യാപാരസ്ഥാപനങ്ങളുടെ ദൃശ്യത കുറക്കുകയും കാൽനടയാത്ര, വ്യാപാരം, നഗരസൗന്ദര്യം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി തയാറാക്കിയത്. നിലവിലെ ഓവർബ്രിഡ്ജും അണ്ടർപാസും നിലനിർത്തി വൻമതിൽ നീക്കി ആധുനിക എലിവേറ്റഡ് ഫ്ലൈഓവർ നിർമിക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ചിന്നക്കട ക്ലോക്ക് ടവർ മുതൽ കോൺവെന്റ് ജങ്ഷൻ വരെ ഏകദേശം 900 മീറ്റർ നീളത്തിൽ ഫ്ലൈഓവർ നിർമിക്കുകയും താഴെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തുറസ്സായ ഇടങ്ങളും ഹരിതമേഖലകളും ഒരുക്കുകയും ചെയ്യും. ഇതിനായി ഏകദേശം 120 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.രണ്ടാംഘട്ടത്തിൽ ക്ലോക്ക് ടവർ മുതൽ പബ്ലിക് ലൈബ്രറി വരെ 400 മീറ്റർ നീളത്തിൽ പദ്ധതി വിപുലീകരിക്കും. ഇതിന് ഏകദേശം 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്കൈവേയുടെ താഴ്ഭാഗം പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ തുറസ്സായ കളിയിടങ്ങൾ, ലാൻഡ് സ്കേപ്പിങ്, പൊതുപ്രവർത്തനമേഖലകൾ, നടപ്പാതകൾ എന്നിവ ഉൾപ്പെടുന്ന അർബൻ പാർക്കായും സജ്ജമാക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ ചിന്നക്കടയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വീണ്ടും ദൃശ്യത ലഭിക്കുകയും ഗതാഗതക്കുരുക്ക് കുറയുകയും കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യം ലഭിക്കുകയും ചെയ്യും. പൊതുചത്വരങ്ങൾ, ഹരിത ഇടങ്ങൾ, ആധുനിക നഗരസൗകര്യങ്ങൾ എന്നിവയിലൂടെ ചിന്നക്കടയെ കൊല്ലത്തിന്റെ ആധുനിക കവാടമായും പുതിയ നഗര ലാൻഡ്മാർക്കായും മാറ്റുകയാണ് ലക്ഷ്യം.200 കോടി രൂപ എസ്റ്റിമേറ്റ് തുകയുള്ള പദ്ധതി ചിന്നക്കടയുടെ ചരിത്രപ്രാധാന്യം വീണ്ടെടുക്കുകയും നഗരവികസനത്തിന് പുതിയ ദിശ നൽകുകയും ചെയ്യുന്ന സുപ്രധാന വികസനസംരംഭമായിരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.