കൊട്ടിയം: കഞ്ചാവ് വിൽപന സംഘത്തിൽപ്പെട്ട രണ്ടുപേർ കൂടി പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് മൂന്നര കിലോ കഞ്ചാവും 40000 രൂപയും തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും പിടികൂടി. കൊട്ടിയം കൊട്ടുംപുറം വാഴവിള വീട്ടിൽ അഭിനവ് (24), കൊട്ടുംപുറം തടത്തിൽ വീട്ടിൽ ചിന്തു (24) എന്നിവരാണ് പിടിയിലായത്.
കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് കഞ്ചാവ് ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും ചേർന്ന് പിടികൂടിയത്. ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തിങ്കളാഴ്ച രാത്രി 11.30ഓടെ വീട്ടിൽ പരിശോധന നടത്തിയത്.
രണ്ടു ദിവസം മുമ്പ് ഒഡീഷയിൽ നിന്ന് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കടത്തുന്ന ഒരു സ്ത്രീ ഉൾപ്പെടെ ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് അന്ന് കഞ്ചാവ് ലഭിച്ചിരുന്നില്ല. മൂന്നു ഗ്രാമോളം എം.ഡി.എം.എ.യാണ് പിടികൂടിയത്. ഇവരെ പിടികൂടാൻ പൊലീസ് എത്തുന്നതറിഞ്ഞ് സംഘം കഞ്ചാവ് മറ്റെവിടെക്കോ മാറ്റിയിരുന്നു. സംഘത്തിൽ പതിനാലോളം പേർ ഉണ്ടെന്ന വിവരം ലഭിച്ച പൊലീസ് പിടിയിലായ സംഘത്തിന്റെ കൂട്ടാളികളെ നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വാടക വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. സംഘത്തിൽപ്പെട്ട ഏതാനും പേരെ കൂടി പിടികിട്ടാനുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കൊട്ടിയം സബ് ഇൻസ്പെക്ടർ നിതിൻ നളൻ പറഞ്ഞു.
കൊട്ടിയത്ത് രാസലഹരിയും കഞ്ചാവും എത്തിക്കുന്നവരെയും വിൽപന നടത്തുന്നവരെയും അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പൊലീസ് മുന്നോട്ട് പോകുന്നത്. ഞായറാഴ്ച കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടിയിരുന്നു. എക്സൈസിനെ കണ്ടു സംഘം ബൈക്കും കഞ്ചാവും ഉപേക്ഷിച്ച് രക്ഷപെട്ടിരുന്നു.ഇവർക്കായി തിരച്ചിൽ നടക്കുകയാണ് മറ്റൊരു സംഘത്തിൽപെട്ട രണ്ടുപേരെ കഞ്ചാവുമായി പൊലീസ് പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.