കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചയും സഞ്ചരിച്ചത് 1,61,683 പേർ.
സുരക്ഷിതവും കൃത്യതയുമാർന്ന മെട്രോ സേവനം പുതുവർഷാഘോഷത്തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജില്ല ഭരണകൂടത്തിനും പൊലീസിനും ഏറെ സഹായകമായതായി കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ച രണ്ടുവരെ സർവിസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്. പുലർച്ച നാലുവരെ സർവിസ് നടത്തിയ വൈദ്യുതി ഫീഡർ ബസിൽ 6817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്രചെയ്തതോടെ റേക്കോഡ് നേട്ടമാണ് മെട്രോ കൈവരിച്ചത്. ഡിസംബർ 31ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ റെക്കോഡ് സൃഷ്ടിച്ചു.
2017ൽ സർവിസ് തുടങ്ങിയ കൊച്ചി മെട്രോയിൽ ഇതുവരെ 17.52 കോടി ആളുകൾ യാത്ര ചെയ്തു. 2025ലെ യാത്രക്കാരുടെ എണ്ണം 3,65,86,194 ആയി വർധിച്ചു. ഡിസംബറിൽ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്.
കൊച്ചിയുടെ പുതുവർഷരാവിൽ ഇതാദ്യമായി വൈദ്യുതി ഫീഡർ ബസും യാത്ര നടത്തി. ഫോർട്ട്കൊച്ചിയിൽനിന്ന് ജങ്കാർ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രൊ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കും എത്തിക്കാൻ മെട്രോ ഫീഡർ ബസുകളുമുണ്ടായിരുന്നു.
നിലവിലുള്ളതിന് പുറമെ മട്ടാഞ്ചേരി-ഹൈകോർട്ട്, വൈപ്പിൻ-ഹൈകോർട്ട് റൂട്ടിലും പുലർച്ച 5.10 വരെ അധിക സർവിസ് നടത്തിയ വാട്ടർ മെട്രോയും റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. 15,000ത്തോളം യാത്രക്കാർ ഈ സൗകര്യം പുതുവർഷത്തിൽ ഉപയോഗിച്ചു.
പുതുവർഷത്തലേന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയവരുടെ തിരക്ക്
കൂട്ടായ പരിശ്രമത്തിലൂടെയാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പറഞ്ഞു. കൃത്യതയാര്‍ന്ന സര്‍വിസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പിന്തുണ, ഉപഭോക്തൃ സൗഹൃദമായ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു.
ലാസ്റ്റ്മൈല്‍, ഫസ്റ്റ്മൈല്‍ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ 15 വൈദ്യുതി ബസുകൾ വിവിധ റൂട്ടുകളില്‍ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സർവിസ് നടത്തിയതും നേട്ടമായി. നഗരത്തിൽ ഹരിത ഗതാഗത സംവിധാനം യാഥാർഥ്യമാകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.