ബ്രഹ്മപുരം

ബയോമെഡിക്കൽ മാലിന്യം; ബ്രഹ്മപുരത്തെ ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കും

കൊച്ചി: കോർപറേഷൻ പരിധിയിൽ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വീടുകളിലും പൊതുനിരത്തുകളിലും കെട്ടിക്കിടക്കുന്നതായി പരാതികളുയരുന്ന സാഹചര്യത്തിൽ ബ്രഹ്മപുരത്ത് നിര്‍മിച്ച ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാൻ കൗൺസിൽ തീരുമാനം. ഡീസല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ചേര്‍ന്ന കൗണ്‍സിലില്‍ താത്കാലിക പരിഹാരം ഉണ്ടായതോടെയാണ് പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായത്. മൂന്നു മാസത്തേക്ക് പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഡീസല്‍ നല്‍കാനും തീരുമാനിച്ചു. ഇതിലൂടെ ഡയപ്പര്‍, സാനിറ്ററി നാപ്കിന്‍ അടക്കമുള്ളവ സംസ്കരിക്കാനാവും.

രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളും പരിപാലന ചെലവും ഉള്‍പ്പെടെ 3.49 കോടി ചെലവില്‍ സര്‍ക്കാര്‍ സ്ഥാപനമായ റീജനല്‍ അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റീവ് ഓഫ് കേരള (റെയ്ഡ്‌കോ)യാണ് പ്ലാന്‍റ് നിര്‍മിച്ചത്. ദിവസേന മൂന്നു ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്‍റില്‍ രണ്ടാഴ്ചക്കാലം ട്രയൽറണ്‍ നടത്തിയെങ്കിലും കരാര്‍ വ്യവസ്ഥയിലെ തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തനമൊന്നും ഉണ്ടായില്ല. പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ വാങ്ങുന്നത് കരാര്‍ വ്യവസ്ഥയില്‍ ഇല്ലെന്നാണ് റെയ്ഡ്‌കോയുടെ വാദം. കോര്‍പറേഷന്‍ സ്വന്തം നിലയില്‍ ഡീസല്‍ വാങ്ങി നല്‍കിയാല്‍ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാമെന്ന് കമ്പനി പറഞ്ഞു. ദിവസേന 450 ലിറ്റര്‍ ഡീസല്‍ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമാണ്. വലിയ സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ കോര്‍പറേഷന്‍ സമ്മതം മൂളിയിരുന്നില്ല.

ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വീടുകളില്‍ കെട്ടിക്കിടക്കുന്നതായും പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതായുമൊക്കെ വ്യാപക പരാതികള്‍ വന്നതോടെയാണ് താത്കാലിക പരിഹാരമെന്ന നിലയില്‍ മൂന്ന് മാസത്തേക്കുള്ള ഡീസല്‍ വാങ്ങി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതിനിടെ ആവശ്യമായ വ്യവസ്ഥകള്‍ ചേര്‍ത്ത് കരാര്‍ ദേദഗതി ചെയ്യുന്നതിനും കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്. ബയോമെഡിക്കൽ മാലിന്യ ശേഖരണത്തിൽ വീഴ്‌ചയുണ്ടായപ്പോൾ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും പാർലമെന്ററി പാർടി നേതാവ്‌ വി.എ. ശ്രീജിത്ത്‌ ബ്രഹ്മപുരത്തെ ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. 

Tags:    
News Summary - Biomedical waste; Incinerator to be operated in Brahmapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.