മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘടിപ്പിച്ച ഇന്ത്യൻ ആംഗ്യഭാഷാ
ശിൽപശാലയിൽ നിന്ന്
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്‍റെ’ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ‘ലേൺ ഐ.എസ്.എൽ - കൊച്ചി എഡിഷൻ’ എന്ന് പേരിട്ട ശിൽപശാല നടന്നത് മൂന്ന് സെഷനുകളായി.
ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് വർക്ക്ഷോപ്പ് വിശദമാക്കി. മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിങ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകി. കേൾവി പരിമിതിയുള്ളവരും അല്ലാത്തവരുമായ നിരവധി പേർ പങ്കെടുത്തു.
എല്ലാ വിഭാഗക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒന്നാവണം കലയെന്നും അതിനാണ് വർക്ക് ഷോപ്പിലൂടെ അവസരമൊരുക്കിയതെന്നും മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഹെഡ് സിദ്ധാർഥ മേനോൻ പറഞ്ഞു. മൃദുവായ പരവതാനികൾ, കളിമൺ ശിൽപങ്ങൾ, വൈവിധ്യമാർന്ന തുണിത്തരങ്ങൾ എന്നിവയാണ് പ്രദർശനത്തിന്‍റെ ആകർഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.