ജഗന്‍, അമൃതേഷ് കമ്മത്ത്, ബിലാല്‍, ഷാരോണ്‍ ജോസഫ്, അരുണ്‍, ക്രിസ്റ്റഫര്‍ ജോസ്
കൊച്ചി: കൊച്ചിയിൽനിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം കവരുകയും ചെയ്ത കേസിൽ ആറുപേർ പിടിയിൽ. എളമക്കര പുതുക്കലവട്ടം കോണ്‍വെന്റിന് സമീപം കൃഷ്ണകൃപ വീട്ടില്‍ അമൃതേഷ് കമ്മത്ത് (28), എറണാകുളം മുണ്ടംവേലി വാലുമ്മേല്‍ച്ചിറ വീട്ടില്‍ അരുണ്‍(28), വരാപ്പുഴ പുത്തന്‍പള്ളിയില്‍ താമസിക്കുന്ന കൊല്ലം നെടുമണ്‍കാവ് വാക്കനാട് ഭാസ്‌കരവിലാസം വീട്ടില്‍ ജഗന്‍ (26), തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ വാഴക്കൂട്ടത്തില്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ ജോസ് (37), ആലുവ എടത്തല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ബിലാല്‍ (26), ആലപ്പുഴ എഴുപുന്ന എലഞ്ഞിക്കല്‍ വീട്ടില്‍ ഷാരോണ്‍ ജോസഫ് (31) എന്നിവരെയാണ് ഹാർബർ പൊലീസ് പിടികൂടിയത്.
ഇടുക്കി സ്വദേശികളായ ആഷിഖ്, റിയാസ് എന്നീ യുവാക്കളെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം തടവിൽ പാർപ്പിച്ച് മർദിക്കുകയും ആഷിഖിന്റെ കാറും കാറിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപയും കവർച്ച ചെയ്യുകയും ചെയ്ത പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വാഹന ഇടപാടുകാരനായ യുവാവിനെയും സുഹൃത്തിനേയും കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12ന് വില്ലിംഗ്ടൺ ഐലൻറിലെ വാക്ക് വേയിൽ ഗുണ്ട സംഘത്തിൽപ്പെട്ടയാൾ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റി പൂത്തോട്ട ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദിച്ചു. ശനിയാഴ്ച രാത്രി വരെ മർദനം തുടർന്നു.
ഒടുവിൽ ഒന്നരലക്ഷം രൂപയും കാറും കൈക്കലാക്കിയതിന് ശേഷം സംഘം ഇവരെ മരട് ഭാഗത്ത് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. കൊച്ചിയിൽ ലഹരി ഇടപാടുകൾ നടത്തുന്ന സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പ്രാഥമികാന്വേഷണത്തിൽ ലഭ്യമായ വിവരം. ഒളിവിലുള്ള ബാക്കി പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഹാർബർ പൊലീസ് ഇൻസ്പെക്ടർ ദിലീഷ്, എസ്.ഐമാരായ സി.എം. ജോസി, പി. അനിൽകുമാർ, എ.എസ്.ഐ സനീപ്കുമാർ, എസ്.സി.പി.ഒ എം. മഹേഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.