എറണാകുളം ലെ മെറിഡിയനിൽ നടന്ന ഇന്റർനാഷനൽ ബയർ-സെല്ലർ മീറ്റായ
‘ട്രേഡ്സ് കേരള 2026’ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എം.എസ്.എം.ഇ) ഉൽപന്നങ്ങള്ക്ക് ആഗോള വിപണി പ്രവേശം ഉറപ്പുവരുത്താൻ ലോകത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്ന അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റ് ‘ട്രേഡക്സ് കേരള 2026’ക്ക് തുടക്കമായി. റഷ്യ, ആസ്ത്രേലിയ, ഒമാൻ, സ്വീഡൻ, ബഹ്റൈൻ, ഉഗാണ്ട, ലിത്വിയാന, മൗറീഷ്യസ്, കാമറൂൺ, കുവൈത്ത് തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ വാങ്ങാൻ എത്തിയിരിക്കുന്നത്. 80ലേറെ വിഭവങ്ങളുമായി 408ഓളം എം.എസ്.എം.ഇകളും വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദർശനത്തിലുണ്ട്. മേളയുടെ ആദ്യദിവസം തന്നെ സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടി രൂപയുടെ വ്യാപാരക്കരാര്‍ ലഭിച്ചു.
ഒരു വർഷം ഒരു ലക്ഷം കോടി വരുമാനം എം.എസ്.എം.ഇകൾക്ക് ഉറപ്പാക്കുന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി ഉദ്ഘാടന പ്രസംഗത്തിൽ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ സർക്കാർ കണ്ടെത്തി. ഇവർക്ക് ഒരു വർഷം ഒരു കോടി രൂപ വീതം വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ വ്യാവസായിക പുരോഗതി മൂലം വിദേശ രാജ്യങ്ങളിൽ ജോലി നോക്കിയിരുന്ന മലയാളി യുവാക്കൾ തിരികെ സംസ്ഥാനത്തേക്ക് എത്തുന്ന പ്രവണത വർധിച്ചുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ഫോറിൻ ട്രേഡ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹസൻ ഹുസൈൻ, എഫ്.ഐ.ഇ.ഒ സതേൺ റീജ്യൺ റീജ്യണൽ ചെയർമാൻ പി. ഗോപാലകൃഷ്ണൻ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ഫിക്കി സംസ്ഥാന മേധാവി സാവിയോ മാത്യു, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, സി.ഐ.ഐ കൊച്ചി സോണൽ കൗൺസിൽ ചെയർമാൻ ബേർലി സിറിയക് നെല്ലുവേലിൽ, നെസ്റ്റ് ചെയർമാനും എം.ഡിയുമായ എൻ. ജഹാംഗീർ എന്നിവർ സംസാരിച്ചു.
കെ.ബി.ഐ.പി സി.ഇ.ഒ എസ്. സൂരജ്, എഫ്.ഐ.ഇ.ഒ ജോയന്റ് ഡയറക്ടർ ജനറൽ കെ. ഉണ്ണികൃഷ്ണൻ, മരട് മുനിസിപ്പാലിറ്റി കൗൺസിലർ സുനീല സിബി, എസ്.പി.ഐ.യു സംസ്ഥാന മേധാവി ആനന്ദ് ശർമ എന്നിവർ സന്നിഹിതരായിരുന്നു. കെ.എസ്.ഐ.ഡി.സിയും നെസ്റ്റ് ഗ്രൂപ്പും തമ്മിലുള്ള 2000 കോടി പദ്ധതിയുടെ ധാരണാപത്രവും ചടങ്ങിൽ ഒപ്പുവെച്ചു. ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ പി. വിഷ്ണുരാജ് സ്വാഗതവും അഡീഷണൽ ഡയറക്ടർ ജി. രാജീവ് നന്ദിയും പറഞ്ഞു.
കേരളത്തിലെ തനത് ഭക്ഷ്യ-കാര്‍ഷിക ഉൽപന്നങ്ങള്, സുഗന്ധ വ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ഹോം ഫര്‍ണിഷിങ് ആന്‍ഡ് ഇന്റീരിയര്‍, കയര്‍, കൈത്തറി, ടെക്സ്റ്റൈല്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, റബ്ബര്‍, പി.വി.സി എന്നീ ഉൽപന്നങ്ങള് ഇടനിലക്കാരില്ലാതെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള അവസരമാണ് കേരള ബ്രാന്‍ഡ് (നന്മ) പദ്ധതിയുടെ ഭാഗമായി ‘ട്രേഡക്സി’ൽ ഒരുങ്ങുന്നത്.
പരിപാടിയുടെ ഭാഗമായി ബിസിനസ് ടു ബിസിനസ് സംബന്ധിച്ച വ്യക്തിഗത മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു പുറമെ ഉല്പന്നങ്ങളുടെ ബ്രാൻഡിങ്, പാക്കേജിങ്, കയറ്റുമതി നിലവാരം, ഡോക്യുമെന്റേഷന് തുടങ്ങിയവ ഉറപ്പുവരുത്തുന്നതിന് ടെക്നിക്കൽ സർവിസ് പ്രൊവൈഡേര്‍സിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലെ മെറിഡിയന് ഹോട്ടലില്‍ നടക്കുന്ന പരിപാടി ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.