ആലപ്പുഴ നിയമസഭ മണ്ഡലത്തിൽ നില മെച്ചപ്പെടുത്തി സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്. കാര്യമായ സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും നിലവിലെ നാലിൽ മൂന്ന് പഞ്ചായത്ത്കളിലെയും ഭരണം നിലനിർത്താനും, ഒരു പഞ്ചായത്തിൽ കേവല ഭൂരിപക്ഷമില്ലാതെ വലിയ ഒറ്റ കക്ഷിയാകാനും എൽ.ഡി.എഫിനും കഴിഞ്ഞു.
നഗരസഭാ വാർഡുകളിൽ കാര്യമായ മുന്നേറ്റം നേടാൻ യു.ഡി.എഫിനായി. ആലപ്പുഴ നഗരസഭയിലെ 27 വാർഡുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പൂർണമായും ഉൾക്കൊള്ളുന്നതാണ് ആലപ്പുഴ നിയമസഭ മണ്ഡലം. 26 നഗരസഭ വാർഡുകളിൽ യു.ഡി.എഫ് 13 സീറ്റ് നേടി നില മെച്ചപ്പെടുത്തിയപ്പോൾ എൽ.ഡി.എഫിന് 10 സീറ്റുകളാണ് കിട്ടിയത്. ബി.ജെ.പി രണ്ടിലും, ഒരു സീറ്റിൽ സ്വതന്ത്രനും ജയിച്ചു കയറി. മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. എന്നാൽ മണ്ണഞ്ചേരിയിൽ ആർക്കും കേവല ഭൂരിപക്ഷത്തിൽ എത്താനായില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റിൽ ഒതുങ്ങിയിരുന്ന യു.ഡി.എഫ് ഇടത് കോട്ടയെ ഞെട്ടിച്ച് എട്ട് സീറ്റുകൾ നേടി. കഴിഞ്ഞ തവണ രണ്ട് സീറ്റ് ഉണ്ടായിരുന്ന എസ്.ഡി.പി.ഐ സീറ്റ് മൂന്നായി ഉയർത്തി. ഒരു സ്വതന്ത്ര സ്ഥാനാർഥിയും വിജയം വരിച്ചു. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്ത്കളിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. മാരാരിക്കുളം വടക്കിൽ 20 സീറ്റിൽ എൽ.ഡി.എഫ് പത്തും യു.ഡി.എഫ് ഒമ്പതും എൻ.ഡി.എ ഒരു സീറ്റും നേടി. കേവലം നാല് സീറ്റിൽ നിന്നാണ് യു.ഡി.എഫ് ഇരട്ടിയിൽപരം സീറ്റ് നേടി ഒമ്പത് ഉറപ്പിച്ചത്. 14 സീറ്റിൽ നിന്ന് എൽ.ഡി.എഫ് പത്തിലേക്ക് ചുരുങ്ങി.
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ആകെയുള്ള 24 ൽ 15 ലും എൽ.ഡി.എഫ് ജയിച്ചപ്പോൾ നിലവിലെ രണ്ട് സീറ്റിൽ നിന്ന് ഏഴ് സീറ്റായി യു.ഡി.എഫ് നില മെച്ചപ്പെടുത്തി.
ഇവിടെ സീറ്റ് നേടി എൻ.ഡി.എ അക്കൗണ്ട് തുറന്നു. ആര്യാട് പഞ്ചായത്തിൽ യു.ഡി.എഫിന് കനത്ത പരാജയം നൽകി കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി. 20 സീറ്റിൽ എൽ.ഡി.എഫ് -15ഉം യു.ഡി.എഫ് നാലും സ്വതന്ത്ര സ്ഥാനാർഥി ഒന്നിലും വിജയിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിൽ 12 ഉം എൽ.ഡി.എഫ് നേടി . യു.ഡി.എഫും, എസ്.ഡി.പി.ഐയും ഓരോ സീറ്റിൽ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.