ചാരുംമൂട്: കൃഷി ഭവനിൽ നിന്ന് കർഷകർക്ക് ലഭിച്ച നെൽവിത്തുകൾ ഗുണനിലവാരമില്ലാത്തതും ഉപയോഗശൂന്യവുമെന്ന് പരാതി. നൂറനാട് ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളികുന്നം പെരുവേലിൽചാൽ പുഞ്ചയിലെ നെൽകർഷകരാണ് ഇത് സംബന്ധിച്ച് നൂറനാട് കൃഷിഭവനിൽ പരാതി നൽകിയത്.
കൃഷിഭവനിൽ നിന്ന് വർഷംതോറും കർഷകർക്ക് നൽകിവരുന്ന നെൽവിത്ത് ഈ വർഷവും ജനുവരി മാസത്തോടെ വിളവിറക്കുംവിധമാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം കർഷകർക്കുണ്ടായ ദുരനുഭവമാണ് ഈ വർഷവും ഉണ്ടായതെന്ന് കർഷകർ പറയുന്നു.
കാലപ്പഴക്കം ചെന്ന് ദ്രവിച്ചതും മുളവരാത്തതുമായ ജ്യോതി നെൽവിത്താണ് വിതരണം ചെയ്തത്. പുതിയ നെൽവിത്ത് സുലഭമായി ലഭിക്കാത്തതിനാൽ സമയബന്ധിതമായി വിളവിറക്കാനും വിളവെടുക്കാനം സാധിക്കാത്ത സാഹചര്യമാണെന്നും പരാതിയിൽപറയുന്നു.
കിലോക്ക് 46 രൂപ മുതൽ 60 രൂപ വരെ നിരക്കിൽ നെൽവിത്ത് വാങ്ങി സ്ഥലത്ത് എത്തിക്കുന്നതിൽ കർഷർക്ക് വലിയ ധനനഷ്ടമാണുള്ളത്. കർഷകരുടെ സഹായത്തിനായി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹായം ലഭ്യമാക്കണം.
വരുംവർഷങ്ങളിൽ കൃഷി ഇറക്കുന്നതിന് മുന്നൊരുക്കത്തിന് പാഠശേഖര സമിതി വിളിച്ചുചേർക്കാൻ ഗ്രാമ പഞ്ചായത്തും കൃഷിഭവനും മുൻകൈ എടുക്കണം. കൃഷിയിറക്കുന്നതിൽ നേരിടുന്ന ഇത്തരം ബുദ്ധിമുട്ടുകൾ മൂലം പല കർഷകരും നടപ്പുവർഷത്തെ കൃഷി ഉപേക്ഷിച്ചതായും കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് നടപടികളുണ്ടാവണമെന്ന ആവശ്യവും പരാതിയിൽ കർഷകർ മുന്നോട്ടു വയ്ക്കുന്നു. പരാതിയുടെ പകർപ്പ് കൃഷി വകുപ്പ് മന്ത്രി, കാർഷിക ഉത്പാദക കമ്മീഷണർ, ജില്ല കൃഷി ഓഫീസർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.