റോഡുകൾ കുരുതിക്കളം; അപകടനിയന്ത്രണ പദ്ധതികൾ ഫയലിൽ

ചാരുംമൂട്: അപകടതുരുത്തായി കെ.പി.റോഡും പ്രധാന റോഡുകളും. പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും അപകട നിയന്ത്രണ പദ്ധതികൾ ഫയലിൽ ഒതുങ്ങി. ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജങ്ഷനിൽ ലോഡുമായി വന്ന ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് ആദിക്കാട്ടുകുളങ്ങര സ്വദേശി അബ്ദുൽ ഖാദർ (62) അതിദാരുണമായി കൊല്ലപ്പെട്ടതാണ് അവസാനത്തെ അപകടം. കെ.പി.റോഡിൽ അപകടങ്ങൾ ഉണ്ടാകാത്ത ഒരു ദിവസം പോലുമില്ല. കെ.പി.റോഡിലും മേഖലയിലെ പ്രധാന റോഡുകളിലും ചെറുതും വലുതുമായ അപകടങ്ങളിൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നിരവധി മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. മരണത്തിനും ജീവിതത്തിനും ഇടയിൽ നിരവധി പേരാണ് ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സ്വകാര്യബസുകളുടെ മത്സര ഓട്ടവും ടിപ്പർ ലോറികളുടെ അമിതവേഗതയാണ് മിക്ക അപകടങ്ങൾക്കും കാരണം. മികച്ച നിലവാരത്തിൽ റോഡുകൾ നിർമിച്ചതാണ് വാഹനങ്ങൾ അമിത വേഗതയിൽ പോകാനിടയാക്കിയത്. വേഗപ്പൂട്ട് ഇല്ലാതെയാണ് ടിപ്പർ ലോറികൾ ചീറിപ്പായുന്നത്. വേഗപ്പൂട്ട് ഘടിപ്പിച്ച് 60 കിലോമീറ്റർ വേഗതയാണ് ടിപ്പർ ലോറികൾക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ആർ.ടി.ഒ. ടെസ്റ്റിങ് സമയത്ത് മാത്രമാണ് ടിപ്പറുകളിൽ വേഗപ്പൂട്ട് പ്രവർത്തിക്കുന്നത്. അതിനുശേഷം വാഹനങ്ങളിൽ നിന്നും അഴിച്ചുമാറ്റിയാണ് സർവീസ് നടത്തുന്നത്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചും ഡ്രൈവ് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.

സ്കൂൾ സമയങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം പോലും പാലിക്കാതെയാണ് ടിപ്പർലോറികളുടെ ഓട്ടം. ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും സ്വകാര്യബസുകളുടെയും ടിപ്പർ ലോറികളുടെയും അമിതവേഗത മൂലം ഭയന്ന് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്നു. ചാരുംമൂട് ജങ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി.റോഡിൽ ആകെയുള്ള ഗതാഗത നിയന്ത്രണ സംവിധാനം. മാതൃകാജങ്ഷനായി പ്രഖ്യാപിച്ച ഇവിടെ സിഗ്നൽ ലൈറ്റുകൾ തെറ്റിച്ച് വാഹനങ്ങൾ കടന്നു പോയതു മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. സിഗ്നൽ തെറ്റിച്ചുപോകുന്ന വാഹനങ്ങൾ കണ്ടെത്താൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

എന്നാൽ നിയമങ്ങളൊന്നും ബാധകമല്ലെന്ന നിലയിൽ വാഹനം ഓടിച്ചു പോകുന്നവരെയും അപകടം ഉണ്ടാക്കി കടന്നുപോകുന്ന വാഹനങ്ങളും കണ്ടെത്തി നടപടി എടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയതിലെ അപാകതയും അപകടങ്ങൾ കാരണമാകുന്നു. ഒന്നൊ രണ്ടൊ മിനിട്ട് വ്യത്യാസത്തിലാണ് ബസുകൾക്ക് പെർമിറ്റ് നൽകിയിരിക്കുന്നത്. ഇതിനിടയിൽകെ കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നത് ബസുകളുടെ മത്സരഓട്ടത്തിന് കാരണമാകുന്നു. അപകട നിയന്ത്രണത്തിനായി ഫ്ലയിങ് സ്ക്വാഡുകളുടെ സേവനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും പ്രവർത്തനം വല്ലപ്പോഴും മാത്രമായി ചുരുങ്ങി.

സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിന് അറുതി വരുത്താൻ ചാരുംമൂട്ടിലും, കറ്റാനത്തും പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുമെന്ന പൊലീസ്, മോട്ടോർ വകുപ്പുകളുടെ തീരുമാനവും നടപ്പായിട്ടില്ല. റോഡിലേക്ക് ഇറക്കിയുള്ള അനധികൃത കയ്യേറ്റങ്ങളും ഗതാഗത തടസ്സത്തിന് കാരണമാകുന്നു. കെ.പി. റോഡിലെ അപകടങ്ങൾ നിയന്ത്രിക്കാൻ റോഡിൽ ദിശാസൂചകങ്ങൾ അടക്കമുള്ള സജ്ജീകരണങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ പേരിന് മാത്രമാണ് അധികൃതർ വാഹന പരിശോധന നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

Tags:    
News Summary - Roads are in danger; accident control plans are on file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.