മഹിള മന്ദിരത്തിലെ അന്തേവാസി കലയും അനൂപും വിവാഹിതരായപ്പോൾ
ആലപ്പുഴ: നഗരസഭ ജനപ്രതിനിധികളുടെയും ജില്ല കലക്ടറുടെയും സാന്നിധ്യത്തിൽ മഹിള മന്ദിരത്തിലെ അന്തേവാസി കലക്ക് മാംഗല്യം. ഹരിപ്പാട് താമല്ലാക്കൽ കമലാലയം വീട്ടിൽ കമലാസൻ-രമ ദമ്പതികളുടെ മകൻ അനൂപാണ് കലയുടെ കഴുത്തിൽ താലി ചാർത്തി പുതിയ ജീവിതത്തിലേക്ക് കൂടെകൂട്ടിയത്.
കൊട്ടാരം ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ വരന്റെ ബന്ധുക്കൾ, വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കാളികളായി.
നഗരസഭ അധ്യക്ഷ മോളി ജേക്കബ് കലയെ അനൂപിന് കൈപിടിച്ചുനൽകി. ജില്ല കലക്ടർ അലക്സ് വർഗീസ് ആശംസ നേർന്നു. കാറ്ററിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവാഹസദ്യ ഒരുക്കിയത്. ഫോട്ടോഗ്രഫി അസോസിയേഷൻ വിഡിയോയും ഫോട്ടോയും എടുത്തു. സ്പോൺസർഷിപ്പിലൂടെ നാലര പവൻ സ്വർണവും വസ്ത്രവുമുണ്ടായിരുന്നു. സർക്കാറിന്റെ ധനസഹായമായി ഒരുലക്ഷം രൂപയും ഉണ്ടായിരുന്നു. ഇതിനൊപ്പം വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ വിവാഹത്തിന് സാമ്പത്തികമായും അല്ലാതെയും സഹകരിച്ചു. ആലപ്പുഴ മഹിള മന്ദിരത്തിലെ 14ാമത്തെ വിവാഹമായിരുന്നു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ, മഹിള മന്ദിരം മാനേജിങ് കമ്മിറ്റി അംഗം എ.എൻ. പുരം ശിവകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രശ്മി സനൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജ്യോതിമോൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൽ. മായ രാജേന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ഫൈസൽ, കൗൺസിലർമാരായ ഷോളി സിദ്ധകുമാർ, ജോഷി രാജ്, നൂറുദ്ദീൻകോയ, വി.ജി. വിഷ്ണു, ബേബി ലൂയിസ്, എ. ഷാനവാസ്, ടി.ജി. രാധാകൃഷണൻ, ആർ. കണ്ണൻ, എ.എസ്. കവിത, എം. ലൈല ബീവി, കെ.കെ. സിനു, ആർ. രാകേഷ്, ജില്ല വനിതശിശു വികസന വകുപ്പ് ഓഫിസർ വി.എസ്. ഷിംന, വനിത സംരക്ഷണ ഓഫിസർ മായ എസ്. പണിക്കർ, മഹിള മന്ദിരം സൂപ്രണ്ട് എം.എസ്. നിഷാ രാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.