ആലപ്പുഴ: കാക്കക്ക് പക്ഷിപ്പനിയെന്ന് സ്ഥിരീകരണം. ജില്ലയിൽ ഭീതി വിട്ടൊഴിയുന്നില്ല. തഴക്കരയിൽ കാക്ക ചത്തത് പക്ഷിപ്പനിയാണെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിൽ പുതുതായി രോഗം സ്ഥിരീകരിച്ചെങ്കിലും കാക്കകളിൽ രോഗവ്യാപനം കണ്ടെത്തിയത് വീണ്ടും ആശങ്കയിലാഴ്ത്തി. ദേശാടനപ്പക്ഷികളുടെ വിഭാഗത്തിലാണ് കാക്കയെന്നതിനാൽ പ്രദേശത്തെ വളർത്തുപക്ഷികളെ കൊല്ലേണ്ട സാഹചര്യമില്ലെന്നതാണ് ആശ്വാസം. പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം ചൊവ്വാഴ്ച ജില്ലയിലെത്തും.
പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എൻ1 വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസ് നിയോഗിച്ച പ്രിൻസിപ്പൽ സയന്‍റിസ്റ്റുമാരായ ഡോ.സി. തോഷ്, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. കഴിഞ്ഞയാഴ്ച പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങളോടെ ചേർത്തല അടക്കമുള്ള മേഖലകളിൽ കൊക്കും കാക്കയും അടക്കം കുടുതൽ പക്ഷികൾ ചത്തിരുന്നു. സ്വതന്ത്രമായി പറക്കുന്ന പക്ഷികളെ പരിശോധിച്ചു രോഗം സ്ഥിരീകരിച്ചാലും തുടർനടപടികൾ സ്വീകരിക്കാനാവില്ല. എന്നാൽ, പ്രദേശത്ത് വളർത്തുപക്ഷികളെ സുരക്ഷിതമായി പാർപ്പിക്കാനും മറ്റു പക്ഷികളുമായി സമ്പർക്കത്തിൽ വരാതിരിക്കാനുമുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
തണ്ണീർത്തടങ്ങളിലെത്തുന്ന ദേശാടന പക്ഷികൾ, താറാവ് വിപണി, കോഴിഫാമുകൾ, നെൽവയലുകൾ എന്നിവിടങ്ങളിൽ നിന്ന് ഇവർ സാമ്പിൾ ശേഖരിക്കും. മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള മാരകമായ എച്ച്5 എൻ1 വൈറസ് എങ്ങനെയാണ് എത്തിയതെന്നായിരിക്കും സംഘം പ്രധാനമായും പരിശോധിക്കുക. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയത്തും ഇവർ എത്തും.
ജനുവരി ആദ്യവാരം ജില്ലയിലെ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലായിരുന്നു അത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരുകിലോമീറ്റർ ചുറ്റളവിൽ എല്ലാവളർത്ത് പക്ഷികളെയും ശാസ്ത്രീയമായി കൊന്നു നശിപ്പിക്കൽ (കള്ളിങ്ങ്) പൂർത്തിയായിരുന്നു. ഡിസംബറിൽ ജില്ലയിലെ ഒമ്പതുപഞ്ചായത്തുകളിലും രോഗബാധ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പക്ഷിപ്പനി തലപ്പൊക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.