തുറവൂർ ഗവ: ആശുപത്രിയിൽ ചീട്ടെടുക്കാൻ കാത്തുനിൽക്കുന്നവർ
തുറവൂർ: തുറവൂർ ഗവ. ആശുപത്രിയിൽ രോഗം കലശലായി എത്തുന്നവരും ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും മണിക്കൂറുകൾ കാത്തുനിൽക്കണം. കാത്തുനിന്ന് കാത്തുനിന്ന് കഴിഞ്ഞ ദിവസം രോഗി തലചുറ്റി വീണത് പ്രതിഷേധത്തിനിടയാക്കി.
രോഗികളും ജീവനക്കാരുമായുണ്ടായ തർക്കം വാക്കേറ്റത്തിലും വെല്ലുവിളിയിലുമാണ് കലാശിച്ചത്. കുറേദിവസമായി ആശുപത്രി സംഘർഷഭരിതമാണ്. ഞായറാഴ്ച 1,119 പേർ ഒ.പിയിലെത്തിയപ്പോൾ മൂന്ന് ഡോക്ടർമാരാണുണ്ടായിരുന്നത്. 1,204 പേർ ഒ.പിയിലെത്തിയ തിങ്കളാഴ്ചയും ഡോക്ടർമാരുടെ എണ്ണം കൂടുതലുണ്ടായില്ല . ദിവസം 1,000ത്തിനും 1,300 നുമിടയിൽ രോഗികൾ ഒ.പിയിലെത്തുന്നുണ്ട്.
മെഡിക്കൽ ഓഫിസറുൾപ്പടെ 11 ഡോക്ടർമാരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ ഒരാൾ രാജിവച്ചുപോയി. സഹോദരന്റെ അസുഖവുമായി ബന്ധപ്പെട്ട് ഒരാളും പിതാവിന്റെ മരണത്തെ തുടർന്ന് മറ്റൊരാളും അവധിയിലാണ്. നാലു ഡോക്ടർമാർക്ക് അത്യാഹിത വിഭാഗത്തിലാണ് ജോലി . ഡയാലിസിസ് യൂനിറ്റിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ അവിടേക്ക് പോകും.
പിന്നീടുള്ള മൂന്ന് ഡോക്ടർമാരുടെ സേവനം മാത്രമാണ് ഒ.പിയിൽ ലഭിക്കുന്നത്. 10 ഡോക്ടർമാരെ കൂടി നിയമിച്ചെങ്കിലേ ആശുപത്രി പ്രവർത്തനം സുഗമമായി നടക്കൂവെന്ന് മെഡിക്കൽ ഓഫീസർ ആർ. റൂബി പറഞ്ഞു. ചീട്ടെടുക്കുന്ന കാര്യത്തിൽ ശാസ്ത്രീയരീതികൾ ഏർപ്പെടുത്തണമെന്ന് രോഗികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.