പ്രതീകാത്മക ചിത്രം
ആലപ്പുഴ: പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ. രണ്ട് നിലകളിലായി നിർമിക്കുന്ന നെഹ്റു പവലിയനിൽ ഒരേസമയം 1400 പേർക്ക് വള്ളംകളി ആസ്വദിക്കാനാകും. ഫ്ലോട്ടിങ് പ്ലാറ്റ്ഫോം, ഹാൾ, വി.ഐ.പി ഹാൾ, ഡൈനിങ് ഏരിയ, ലോബി, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. വള്ളംകളി നടക്കാത്ത മറ്റ് സമയങ്ങളിൽ കഫറ്റീരിയ, വിദേശികൾക്ക് പരമ്പരാഗത കലാരൂപങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യം, വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. സങ്കൽപ് ആൻഡ് ഇ എർത്ത് ആർക്കിടെക്സാണ് പുതിയ പവലിയൻ രൂപകൽപന ചെയ്യുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാമണ്ഡലങ്ങളിലും ഏഴ് കോടി രൂപ വീതം ചെലവഴിച്ച് വിവിധ വികസനങ്ങൾ നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിൽനിന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ശുപാർശ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പദ്ധതി അംഗീകരിച്ചത്. ഏഴ് കോടി രൂപ വിനിയോഗിച്ചാണ് പവലിയൻ നിർമാണം നടത്തുക.
ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടറേറ്റിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ പ്രത്യേകയോഗം ചേർന്നു. ജില്ല കലക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. ഹരൻ ബാബു, പ്രോജക്റ്റ് കോഓർഡിനേറ്റർ ഗോപകുമാർ, ടൂറിസം വകുപ്പ് പ്രോജക്റ്റ് എൻജിനീയർ എം.എം. നിഖിൽ ലാൽ, ഇറിഗേഷൻ അസിസ്റ്റന്റ് എൻനീയർ ഇ.പി. കുസുമം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.