നെഹ്റുട്രോഫി വള്ളംകളിക്കായി സോഷ്യൽമീഡിയിൽ നിറയുന്ന പോസ്റ്ററുകൾ
ആലപ്പുഴ: നാട്ടുപോരുകൾക്ക് വഴിയൊരുക്കുന്ന കായികവിനോദമായ വള്ളംകളിയുടെ ആവേശവും ആരവവും ഇടിച്ചുകയറുന്നത് സമൂഹമാധ്യമങ്ങളിൽ. വള്ളത്തിന്‍റെ താളവും വേഗവും ആരാധകരുടെ ആവേശവും നിറയുന്നത് വാട്ട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഹാൻഡിലുകളിലാണ്. വള്ളംകളിയുടെ ആവേശവും തുഴച്ചിലിന്റെ മാസ് എൻട്രികളും ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും യൂട്യൂബ് ഷോർട്ട്സുകളിലൂടെയും ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുക്കുന്നത്. പലതും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
സിനിമാറ്റിക് ദൃശ്യങ്ങളുടെ മികവിൽ ഡ്രോൺ ഷോട്ടുകളും സ്ലോമോഷൻ ദൃശ്യങ്ങളും ഉപയോഗിച്ച് വള്ളംകളി ടീമുകളുടെ കായലിലെ മാസ് എൻട്രികൾ. വള്ളപ്പാട്ടിന്റെ താളവും ആർപ്പുവിളികളും (ആർപ്പോ... ഇർറോ) തുഴച്ചിൽക്കാരുടെ ഒത്തൊരുമയും വള്ളങ്ങളുടെ കുതിപ്പും കാണിച്ച് സോഷ്യൽ മീഡിയ പേജുകൾ സജീവമാണ്. ക്ലബുകാരുടെ ഫാൻസുകളും കരക്കാരും ചിത്രീകരിക്കുന്ന വിഡിയോ റീൽസ് തന്നെയാണ് ഇതിൽ പ്രധാനം.
മത്സരത്തിന് മുമ്പ് പുന്നമടയിലെ മാസ് ട്രാക്ക് എൻട്രി മുതൽ കായയിലെ പരിശീലനത്തുഴച്ചിൽ വരെ ചിത്രീകരിക്കുന്ന റീൽസുകൾക്കും പോസ്റ്റുകൾക്കും താഴെ കമന്‍റും ലൈക്കുമായാണ് ആവേശം അലയടിക്കുന്നത്. തത്സമയമുള്ള ക്ലബുകാരുടെ ചിത്രീകരണത്തിന് പുറമെ ഇൻഫ്ലൂവൻസർമാരും വോളഗർമാരും ഒപ്പമുണ്ട്.
ആഗസ്റ്റ് 22ന് പുന്നമടയിൽ നടക്കുന്ന നെഹ്റുട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടനുകളുടെയും ടീമിന്‍റെയും മുൻവർഷത്തെ പ്രകടനങ്ങൾ വിലയിരുത്തിയുള്ള വിശകലനവും വെല്ലുവിളിയും വോട്ടെടുപ്പുമൊക്കെയായാണ് ആവേശപ്പോര് പൊടിപൊടിക്കുന്നത്. വള്ളംകളി പാട്ടുകളുടെയും ട്രെഡിങ് ആയ തമിഴ്, മലയാളം സിനിമഗാനങ്ങളുടെയും പശ്ചാത്തലത്തിൽ ആലപ്പുഴയുടെയും കുട്ടനാടിന്‍റെയും കായൽഭംഗി വിളിച്ചോതുന്നതാണ് വിഡിയോകൾ. പലതും പ്രഫഷണൽ മികവിൽ തന്നെയാണ് എടുത്തത്.
ഓരോ ക്ലബും ഇതിനായി പ്രഫഷനൽ ടീമുകളെവരെ വൻതുക നൽകിയാണ് കൂടെകൂട്ടി. എല്ലാ കണ്ണുകളും പുന്നമടയിലേക്ക് എത്തുന്ന അവസാന ലാപ്വരെ ഓൺലൈനിൽ വാക്പോരും ആവേശവും നിറയും. ആ പോരാട്ട കാത്തിരിപ്പിലാണ് നാട്ടുകാരും ജലോത്സവ പ്രേമികളും. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.