വിപിൻ ജോൺസൺ
മാന്നാർ: കുറഞ്ഞ പലിശ നിരക്കിൽ 20 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകാമെന്ന വ്യാജേന വീട്ടമ്മയിൽനിന്നും 6.90 ലക്ഷം രൂപ തട്ടിയ പരാതിയിൽ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലംവീട്ടിൽ വിപിൻ ജോൺസൺ (30) നെയാണ് മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്. മഹാലക്ഷ്മി ഫിനാൻസെന്ന പേരിൽ പത്ര മാധ്യമങ്ങളിലെ പരസ്യം കണ്ട് വായ്പക്കായി ബന്ധപ്പെടുന്നവരുടെ പക്കൽ നിന്നും പലിശയിനത്തിൽ മുൻകൂർ പണമടയ്ക്കണമെന്ന രീതിയിലാണ് ലക്ഷങ്ങൾ പലസ്ഥലങ്ങളിൽ നിന്നും ഇയാൾ തട്ടിയെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാന്നാർ സ്വദേശിനിയായ വീട്ടമ്മയുടെ പക്കൽ നിന്നും പലിശയിനത്തിൽ മുൻകൂർ പണമടയ്ക്കാനെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. അനീഷ് എന്ന വ്യാജ പേരിലാണിയാൾ ഫോണിൽ ആളുകളുമായി സംസാരിക്കുന്നത്. തട്ടിപ്പിനിരയായതിനെ തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിവരുകയായിരുന്നു.
ഇതിനിടയിൽ പാലക്കാട് സൈബർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായതറിഞ്ഞ മാന്നാർ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സമാന രീതിയിൽ പെരിന്തൽമണ്ണ, കനകക്കുന്ന് സ്റ്റേഷനുകളിലും എ.ടി.എം കവർച്ച ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട് ,കായംകുളം സ്റ്റേഷനുകളിലും പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.