എരമല്ലൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണ സംഘത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ഗുരുതര സാമ്പത്തിക ക്രമക്കേടുകളും സ്വർണപ്പണയ ഇടപാടുകളും സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം വ്യാഴാഴ്ച സംഘത്തിൽ പരിശോധന നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ അഡ്വ. വിപിൻ കുമാർ കെ.പി, മുൻ പ്രസിഡന്റ്, മുൻ ഭരണസമിതി അംഗങ്ങൾ, ഓഫിസ് ജീവനക്കാർ തുടങ്ങിയവരിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സംഘത്തിന്റെ മുൻകാല ഓഡിറ്റ് വകുപ്പുതല പരിശോധന എന്നിവയിൽ ചൂണ്ടിക്കാണിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, നിക്ഷേപ-വായ്പ ഇടപാടുകൾ, അക്കൗണ്ടുകളിലെ അപാകതകൾ എന്നിവ സംബന്ധിച്ച രേഖകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചതായാണ് വിവരം.അംഗങ്ങൾ വായ്പക്കായി സംഘത്തിൽ പണയംവെച്ച സ്വർണാഭരണങ്ങൾ കേരള ബാങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും വീണ്ടും പണയംവെച്ചതായുള്ള ആരോപണമാണ് അന്വേഷണത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്.
62 സ്വർണപ്പണയ അക്കൗണ്ടുകൾ വായ്പക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ ക്ലോസ് ചെയ്തതായുള്ള ആരോപണവും പുനർപണയത്തിലൂടെ ലഭിച്ച തുക കൈകാര്യം ചെയ്ത രീതിയും അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.