ചാരുംമൂട്: സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്തവരെ ഉടമയും കൂട്ടാളികളും ചേർന്ന് സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചതായി പരാതി. ചുനക്കര കോമല്ലൂരിൽ പ്രവർത്തിക്കുന്ന ശ്രീലകം ഫിനാൻസിൽ സ്വർണപ്പണയം വച്ച് വഞ്ചിതരായ സൂപ്പർ മാർക്കറ്റ് ഉടമ കറ്റാനം സ്വദേശിനി സുമ വിനോദ്, കരിമുളയ്ക്കൽ സ്വദേശിനി സുബീന, കോമല്ലൂർ സ്വദേശിനി സരസ്വതിയമ്മ എന്നിവരാണ് പരാതിക്കാർ.
ചാരുംമൂട്ടിൽ പത്രസമ്മേളനം നടത്തിയാണ് തട്ടിപ്പിന്റെ വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയത്. പണയ സ്ഥാപന ഉടമ മൂന്നാംകുറ്റി സ്വദേശി രാധാകൃഷ്ണൻ, ജീവനക്കാരി ചുനക്കര സ്വദേശി ടിനു തമ്പാൻ, യുവമോർച്ച ജില്ല സെക്രട്ടറി ചുനക്കര കോമല്ലൂർ സ്വദേശി രാഹുൽ രാധാകൃഷ്ണൻ എന്നിവർക്കെതിരെയാണ് പരാതി. സൗഹൃദം മുതലാക്കി മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചിരുന്ന സ്വർണ ഉരുപ്പടികൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് തങ്ങളുടെ സ്ഥാപനത്തിലേക്ക് മാറ്റിവെപ്പിക്കുക എന്നതാണ് പ്രധാനമായും ഇവർ ചെയ്തിരുന്നത്. എന്നാൽ പണയം തിരികെയെടുക്കാൻ ചെല്ലുമ്പോൾ ടിനു തമ്പാൻ അവധി പറഞ്ഞു വിടുകയാണ് ചെയ്തിരുന്നത്.
വായ്പാ തുകയും പലിശയും തിരിച്ചടച്ചവർക്കും സ്വർണ ഉരുപ്പടികൾ നൽകാതെ അവധി പറഞ്ഞ് മടക്കി വിടുകയായിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. മറ്റിടങ്ങളിൽ നിന്നും സുമയുടെ മാത്രം 52 പവൻ സ്വർണ ഉരുപ്പടികളാണ് ഒരുവർഷത്തിനുള്ളിൽ ടിനുവും രാഹുലും രാധാകൃഷ്ണപിള്ളയും ഇടപെട്ട് ഇവിടെ പണയം വെപ്പിച്ചത്. കൂടാതെ സൗഹൃദം മുതലാക്കി ടിനു ആറ് ലക്ഷം രൂപ കടമായും വാങ്ങിയെടുത്തുവെന്ന് സുമ പറഞ്ഞു.
പണയം തിരികെ എടുക്കാനെത്തിയപ്പോൾ അവധി പറയുകയും മറ്റൊരു ബാങ്കിൽ പണയം മാറ്റി വച്ചിരിക്കുന്നതിനാൽ ഉടൻ നൽകാമെന്നും പറഞ്ഞ് മടക്കുകയുമായിരുന്നു. സുബീനയേയും ഗൾഫിലുള്ള ഭർത്താവിനെയും രാഹുൽ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് ഇവിടെ പണയം വയ്പിക്കുകയായിരുന്നു. ആറ് മാസത്തേക്ക് ആറ് ലക്ഷം രൂപയുടെ പണയമാണ് സുബീന ഇവിടെ വച്ചത്. വായ്പാതുകയും പലിശയും അടച്ചിട്ടും പണയ ഉരുപ്പടി നൽകാതെ അവധി പറയുകയായിരുന്നുവെന്ന് സുബീന പറഞ്ഞു.
മറ്റൊരു സ്ഥാപനത്തിൽ വച്ചിരുന്ന സരസ്വതിയമ്മയുടെ നാല് പവൻ സ്വർണം ഇവർ തന്നെ പണം കൊടുത്ത് എടുപ്പിച്ച് ഇവരുടെ സ്ഥാപനത്തിലേക്ക് മാറ്റിവച്ചു. ഇതിൽ 80000 രൂപ സരസ്വതിയമ്മ അടച്ചിട്ടുണ്ട്. ഇവർ നടത്തുന്നത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ സുമ വിനോദ് ചെങ്ങന്നൂർ ഡിവൈ.എസ്. പിക്ക് നൽകിയ പരാതിയെ തുടർന്ന് കുറത്തികാട് പൊലീസ് പരാതിക്കാരുടെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധിയാളുകൾ പരാതിയുമായി ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്.
ഇതിനിടെ ഒത്തുതീർപ്പിനെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തന്നെ വിളിച്ചു വരുത്തുകയും രാഹുലും ടിനുവിന്റെ ഭർത്താവും ചേർന്ന് മർദ്ദിച്ചതായും സുമ പറഞ്ഞു. ഇതു സംബന്ധിച്ച് നൂറനാട് പൊലീസും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തെ ഉടൻ പിടികൂടി പ്രശ്നപരിഹാരം ഉണ്ടാക്കുകയും സ്ത്രീയെ അക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.