ക​രു​മാ​ടി ജ​ലോ​ത്സ​വം ചു​ണ്ട​ന്‍ ഫൈ​ന​ലി​ല്‍ വെ​ള്ളം​കു​ള​ങ്ങ​ര ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു

കരുമാടി ജലോത്സവം; വെള്ളംകുളങ്ങര ചുണ്ടന് കിരീടം

അമ്പലപ്പുഴ: കർക്കടക പെയ്ത്തിൽ നിറഞ്ഞുകവിഞ്ഞ ടി.എസ് കനാലിന്‍റെ ഇരുകളിലും ആവേശത്തിരയുയര്‍ത്തി ഒമ്പതാമത് കരുമാടി ജലോത്സവം. തടിച്ചുകൂടിയ ജലോത്സവപ്രേമികളുടെ വഞ്ചിപ്പാട്ടിന്‍റെയും ആര്‍പ്പോവിളികളികളുടെയും തുഴത്താളത്തില്‍ ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്‍റെ വെള്ളംകുളങ്ങര ചുണ്ടന്‍ കിരീടം നേടി.

കരുമാടിത്തോട്ടിലെ ഓളപ്പരപ്പില്‍ രണ്ട് ട്രാക്കുകളിലായി നടന്ന ഫൈനലില്‍ ഒപ്പത്തിനൊപ്പം നടന്ന മത്സരത്തിൽ നിരണം ബോട്ട് ക്ലബ്ബിന്‍റെ ആയാപറമ്പ് വലിയദിവാൻജി ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് വെള്ളംകുളങ്ങര കിരീടം നേടിയത്.

ലൂസേഴ്‌സ്‌ ഫൈനലിൽ ചമ്പക്കുളം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ ഒന്നാമതും ആനാരി ബോട്ട് ക്ലബ്ബിന്‍റെ ആനാരി ചുണ്ടൻ രണ്ടാമതുമെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ സെന്‍റ് ജോസഫ് ഒന്നും ശരവണൻ രണ്ടും ഡാനിയൽ മൂന്നും കറുപ്പുപറമ്പൻ നാലും സ്ഥാനം നേടി. ഫൈബർ ചുണ്ടനിൽ മഹാദേവികാടിനാണ് ഒന്നാം സ്ഥാനം. വൈഗ രണ്ടാമതെത്തി. വെപ്പ് എ ഗ്രേഡിൽ നവജ്യോതി ഒന്നും ഷോട്ട് പുളിക്കത്തറ രണ്ടും സ്ഥാനം നേടി.

വെള്ളവും വള്ളവും ജീവിതത്തിന്‍റെ ഭാഗമാക്കിയ പ്രദേശത്തെ അമ്പലപ്പുഴ തെക്ക്, തകഴി ഗ്രാമപഞ്ചായത്തുകളും കരുമാടിക്കുട്ടൻസും ജലോത്സവ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച കരുമാടി ജലോത്സവം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അധ്യക്ഷത വഹിച്ചു. ജി. സുധാകരൻ എം.എൽ.എ മുഖ്യാതിഥിയായി. അമ്പലപ്പുഴ ഡിവൈ.എസ്.പി ജ്യോതികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മനീഷ് എം. പുറക്കാട് എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ നൽകി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജി. ഗീതാഞ്ജലി, ജില്ല പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Karumadi Water Festival: Vellamkulangara Chundan Wins Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.