ചാരുംമൂട്: യുവമോർച്ച നേതാവടക്കം നടത്തിയ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് പൂട്ടിയിട്ടിരുന്ന സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. ചുനക്കര കോമല്ലൂരിൽ പ്രവർത്തിക്കുന്ന ശ്രീലകം ഫിനാൻസിലാണ് കുറത്തികാട് പൊലീസ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ഉച്ചക്ക് 12ഓടെയാണ് കുറത്തികാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസെത്തിയത്. പൂട്ട് തല്ലിപ്പൊളിച്ചായിരുന്നു പൊലീസ് സ്ഥാപനത്തിൽ കയറിയത്. ഇടപാടുകാരായ നിരവധിയാളുകളും സ്ഥലത്ത് എത്തിയിരുന്നു. സ്വർണ വായ്പ സംബന്ധിച്ച രേഖകളും മുക്കുപണ്ടങ്ങളും പിടിച്ചെടുത്തു. സ്ഥാപനം സീൽചെയ്താണ് പൊലീസ് മടങ്ങിയത്. ഇവരുടെ കറ്റാനം ഇല്ലത്തു മുക്കിലുള്ള ബ്രാഞ്ചിലും പൊലീസ് ശനിയാഴ്ച പരിശോധന നടത്തും. സ്വർണ പണയംവെച്ച് വായ്പയെടുത്തവരെ ഉടമ മൂന്നാംകുറ്റി സ്വദേശി രാധാകൃഷ്ണൻ, ജീവനക്കാരി കോമല്ലൂർ സ്വദേശിനി ടിനു തമ്പാൻ, സഹായി കോമല്ലൂർ സ്വദേശി രാഹുൽ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചതായി കാട്ടി നിരവധിയാളുകൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
ഇതിനെ തുടർന്നാണ് പൊലീസ് നടപടിയുണ്ടായത്. സ്വർണപണയം വെച്ച് വഞ്ചിതരായ സൂപ്പർ മാർക്കറ്റ് ഉടമ കറ്റാനം സ്വദേശിനി സുമ വിനോദ്, കരിമുളയ്ക്കൽ സ്വദേശിനി സുബീന, കോമല്ലൂർ സ്വദേശിനി സരസ്വതിയമ്മ എന്നിവരായിരുന്നു ആദ്യ പരാതിക്കാർ. പിന്നീട് നാൽപതിലധികം പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. രണ്ട് കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് വിവരം. കേസിൽ പ്രതി ചേർത്തിട്ടുള്ള മൂവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പാർട്ണർ എന്നു പരിചയപ്പെടുത്തുന്ന സഹായിയായ രാഹുൽ രാധാകൃഷ്ണൻ യുവമോർച്ച ജില്ല സെക്രട്ടറിയാണ്. സൗഹൃദം മുതലാക്കി മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചിരുന്ന സ്വർണ ഉരുപ്പടികൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് തങ്ങളുടെ സ്ഥാപനത്തിലേക്ക് മാറ്റിവെപ്പിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് ഇടപാടുകാർ പറയുന്നു. വായ്പ തുക കൃത്യമായി അടച്ചവർക്ക് പോലും സ്വർണം നൽകാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.