ജവഹർലാൽ നെഹ്റുവിന്‍റെ പ്രതിമക്ക് സമീപമുള്ള ആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്‍റിൽ പരീശീലനത്തുഴച്ചിൽ നടത്തുന്ന നിരണം ബോട്ട് ക്ലബിന്‍റെ ‘നിരണം’ (ചുണ്ടൻ ചിത്രം : മനു ബാബു)

നാടാകെ ‘ഓളത്തിര’; തുഴപ്പാടകലെ വേഗപ്പോര്, പരിശീലനയോട്ടത്തിൽ ചുണ്ടന്‍ വള്ളങ്ങൾ

ഓണമായാൽ കുട്ടനാട്ടുകാർക്ക് വള്ളംകളിയേക്കാള്‍ ലഹരി പിടിപ്പിക്കുന്ന മറ്റൊന്നുമില്ല. ആർപ്പോ...ഇർറോ...ആർപ്പുവിളിയും ആവേശവും ആരവവും കുട്ടനാട്ടുകാരുടെ സിരകളിലെ ഊര്‍ജമാണ്. കുതിച്ചുപായും കുതിരപോലെ പുന്നമടക്കായലിലെ ഓളം തല്ലിച്ചിതറിച്ച് പായുന്ന ചുണ്ടന്‍ വള്ളങ്ങൾ കാണികളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന കാഴ്ചയാണ്. മത്സരം മാത്രമല്ല. ചുണ്ടൻവള്ളങ്ങളുടെ പരിശീലന കാഴ്ചകൾപോലും മനോഹരമാണ്.

നെഹ്റു ട്രോഫിക്കായി ചുണ്ടൻവള്ളങ്ങൾ അണിയിട്ട് നിൽക്കുന്ന പുന്നമടപ്പൂരം തുടങ്ങിയിട്ട് 72 ജലവർഷങ്ങളായി. ആഗസ്റ്റിലെ രണ്ടാംശനിയാഴ്ചയെന്ന പതിവുതെറ്റിച്ച് ഓണത്തിന് മുന്നോടിയായാണ് ഇക്കുറിയും വള്ളംകളിയെത്തുന്നത്. എന്നിട്ടും ആവേശം ഒട്ടും കുറക്കാതെ ആർപ്പോ....ഇർറോ...വിളികളുടെ ട്രാക്ക് തെറ്റിക്കാതെയാണ് ജലത്സോവപ്രേമികളുടെ ഒത്തുചേരൽ. ആവേശ ലഹരിയിലുള്ള ഉൽസവമല്ലിത്, മറിച്ച് വള്ളംകളിക്ക് പങ്കെടുക്കുന്ന തുഴക്കാരെല്ലാം വ്രതശുദ്ധിയോടെ നടത്തിയ പരിശീലനങ്ങളുടെ കേളികൊട്ടാണ്.

കളിവള്ളങ്ങൾ കരിനാഗങ്ങൾ കണക്കെ മാരിവില്ല് തീർക്കുന്ന കാഴ്ച ഒരുകാലത്ത് കുട്ടനാടൻ കരക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. മത്സരിക്കാനെത്തുന്ന ഓരോ ചുണ്ടന് പിന്നിലും ഒരു കരയുടെ മുഴുവൻ പ്രാർഥനയും പ്രയത്നവും നിറഞ്ഞുനിന്നിരുന്നു. പരിശീലനശേഷം വള്ളം സൂക്ഷിക്കുന്ന വള്ളപ്പുരയെ ദേവസ്ഥാനമായികണ്ട് വണങ്ങുന്ന രീതിയായിരുന്നു പണ്ടുകാലത്ത്. മറ്റേതൊരു വള്ളംകളിയേക്കാളും ആവേശകരമായ ഒരുക്കമാണ് നെഹ്‌റു ട്രോഫിക്കുവേണ്ടി നടത്തുന്നത്. ഇടത്തോടുകളിൽ ചെറുവള്ളംകളി മത്സരങ്ങൾ നടത്തിയാണ് അന്ന് ഓരോ കരക്കാരും തുഴച്ചിലുകാരെ കണ്ടെത്തിയത്. കളിയിൽ പ്രൊഫഷനലിസം കൂടിയതോടെ പങ്കായം കരക്കാരിൽനിന്ന് ക്ലബുകളുടെ കൈകളിലെത്തി. ആയിരക്കണക്കിന് ആരാധകരും ഫാൻസുമുള്ള നിരവധി ക്ലബുകൾക്കൊപ്പം പുതുതായി രൂപംകൊണ്ടവയും നാല് പുതിയ ചുണ്ടനുകളും ഇത്തവണ മത്സരിക്കും.

ആവേശത്തിൽ നെഹ്റു ചാടിക്കയറി; പിന്നീട് നെഹ്റുട്രോഫിയായി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിൽ തുടങ്ങുന്നതാണ് ചുണ്ടൻവള്ളങ്ങളുടെ പോരാട്ടങ്ങൾ. 1952 ഡിസംബര്‍ 27ന് നെഹ്റുവിന്റെ ആലപ്പുഴ സന്ദര്‍ശനത്തില്‍നിന്നാണ് ജലോത്സവത്തിന്റെ ആരംഭം. കേരളത്തിലെ സന്ദര്‍ശനവേളയില്‍ നെഹ്‌റുവിന് കോട്ടയം മുതല്‍ ആലപ്പുഴവരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടിവന്നു. സര്‍ക്കാർ പ്രത്യേകമായി ചുണ്ടന്‍വള്ളങ്ങളുടെ മത്സരവും സംഘടിപ്പിച്ചു.

ആലപ്പുഴയിലെത്തിയ നെഹ്‌റുവിനെ ഔദ്യോഗികമായി 63 വെടിമുഴക്കവുമായാണ് സ്വീകരിച്ചത്. അദ്ദേഹത്തിന് അന്ന് 63 വയസ്സായിരുന്നു. കൂടെ മകള്‍ ഇന്ദിര ഗാന്ധി, ചെറുമക്കളായ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമുണ്ടായിരുന്നു. അന്നത്തെ വള്ളംകളി കാണാനെത്തിയ നെഹ്‌റു ഒന്നാമത് തുഴഞ്ഞെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ആവേശംകൊണ്ട് ചാടിക്കയറി. എട്ടു വള്ളങ്ങളാണ് ആദ്യമത്സരത്തില്‍ പങ്കെടുത്തത്.

ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്റു ചുണ്ടൻവള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കൈയൊപ്പ് ചാർത്തി കേരളത്തിലേക്ക് അയച്ചു. അങ്ങനെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേളക്ക് 1954ൽ തുടക്കമായി. അദ്ദേഹത്തിന്റെ മരണശേഷം അത് നെഹ്റുട്രോഫിയായി മാറി. വട്ടക്കായലിൽ മത്സരം പ്രായോഗികമല്ലെന്ന് വിലയിരുത്തി 1955 മുതലാണ് വള്ളംകളി പുന്നമടയിലേക്ക് മാറ്റിയത്.

Tags:    
News Summary - Speed ​​battle in the paddling pool, boats in the training race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.