കായംകുളം: സർക്കാറിന്‍റെ ഭിന്നശേഷിക്കാരിലെ സർഗാത്മക പുരസ്കാരം കൂടി ലഭിച്ചതോടെ പ്രയാർ വടക്ക് എസ്.എസ് മൻസിൽ വീട് ഇരട്ടി സന്തോഷത്തിൽ. സാമൂഹിക മാധ്യമ പേജിൽ ‘ദ റിയൽ ഫൈറ്റർ’ എന്ന മുഹമ്മദ് യാസീന്‍റെ വിശേഷണം ഓരോ ദിവസവും കൂടുതൽ യാഥാർഥ്യമാകുന്നതിൽ നാടും ആഹ്ലാദത്തിലാണ്. വൈകല്യങ്ങളെ അതിജയിച്ച് സർഗാത്മകതയുടെ മിന്നലാട്ടം കാഴ്ചവെക്കുന്ന മുഹമ്മദ് യാസീൻ കൂടുതൽ ഉയരങ്ങളിലേക്ക് ചുവടുവെക്കുകയാണ്.
ഉപജില്ല കലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷത്തിനിടെയാണ് സർഗാത്മക പ്രതിഭ പുരസ്കാരം യാസീനെ തേടിയെത്തുന്നത്. കേന്ദ്ര സർക്കാറിന്‍റെ ഈ വർഷത്തെ സർവ ശ്രേഷ്ഠ ദിവ്യാങ്ക് പുരസ്കാരത്തിനും അർഹനായിരുന്നു. സാമൂഹിക നീതി വകുപ്പ് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിൽ സർഗാത്മക ബാല്യവിഭാഗത്തിലാണ് യാസീൻ ഇടംപിടിച്ചത്.
വൈകല്യങ്ങളെ മനക്കരുത്തിലൂടെ അതിജയിച്ചാണ് ബഹുമുഖ കലാപ്രതിഭയായി മുഹമ്മദ് യാസീൻ മാറിയത്. പുതുപ്പള്ളി പ്രയാർ വടക്ക് എസ്.എസ്. മൻസിൽ ഷാനവാസിന്‍റെയും ഷൈലയുടെയും മകനായ യാസീൻ (13) പ്രയാർ ആർ.വി.എസ്.എം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
സ്റ്റേജുകളിൽ ആടിത്തിമിർക്കുന്ന മികച്ചൊരു നർത്തകൻ കൂടിയാണ്. ഇതോടൊപ്പം പാട്ടുകാരനായും മിമിക്രിക്കാരനായും തിളങ്ങുന്നു. മകന്‍റെ ഏത് ആഗ്രഹവും സാധിക്കാൻ ഒപ്പമുള്ള മാതാപിതാക്കളാണ് യാസീന്‍റെ കരുത്ത്.2023 ലേ ഡോ. എ.പി.ജെ. അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഉജ്ജ്വലബാല്യ പുരസ്കാരം എന്നിവ നേരത്തേ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.